കോണ്‍ഗ്രസിന് മറുപടി: റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതല്ലെന്ന് പീയൂഷ് ഗോയല്‍
മുംബൈ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യന്‍ റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തു വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന്റെ തുടര്‍ച്ചയായി 2014ല്‍ മാത്രമാണ് എന്‍.ഡി.എയ്ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈയിലെ എല്‍ഫിന്‍സ്റ്റന്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ടു 23 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ഞാന്‍ ഒഴികഴിവു പറയുകയല്ല.
പക്ഷേ ഇന്ത്യന്‍ റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉണ്ടായതല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച പാകപ്പിഴകളെല്ലാം ചേര്‍ത്ത് 2014ലാണ് റെയില്‍വേ എന്‍.ഡി.എയ്ക്കു ലഭിക്കുന്നത് ഗോയല്‍ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു.