ഓഖി ചുഴലിക്കാറ്റ് മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു ; 29 നു തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം : ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്ത് ലഭിച്ചില്ല എന്ന കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക്‌ തിരിച്ചടിയായി തെളിവുകള്‍ പുറത്ത്. 29 -ാം തിയതി മൂന്നു തവണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി എന്ന തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫാക്സ് മുഖാന്തരമാണ് കേരള ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 29 ന് ഉച്ചയ്ക്ക് 12 നാണ് ചീഫ് സെക്രട്ടറിക്ക് ആദ്യ മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഉച്ച തിരിഞ്ഞ് 2.20 ന് കാറ്റിന് ശക്തികൂടുന്നെന്ന കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലഭിച്ചു. മൂന്നാമത്തെ മുന്നറിയിപ്പ് 29 ന് രാത്രി എട്ടുമണിക്കും ലഭിച്ചിരുന്നു. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നെന്ന കാര്യവും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും ഈ അറിയിപ്പിന്റെ കൂടെ കേന്ദ്രം നല്‍കിയിരുന്നു. കന്യാകുമാരിക്ക് തെക്കു കിഴക്ക് ന്യൂനനര്‍ദം ശക്തി പ്രാപിക്കുന്നതെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. തെക്കന്‍ തീരത്ത് അടുത്ത 48 മണിക്കൂര്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രത്യേക ഖണ്ഡികയായി മുന്നറിയിപ്പില്‍ ചേര്‍ത്തിരുന്നു.

അതേസമയം മുപ്പതിന് ഉച്ചയ്ക്ക് 12നാണ് വിവരം അറിയിച്ചിരുന്നതെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത്. എന്നാല്‍ നാലാമത്തെ മുന്നറിയിപ്പ് നവംബര്‍ മുപ്പത് പുലര്‍ച്ചെ 1.45 നും നല്‍കിയിരുന്നതായിട്ടുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായി. ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ കൂടുതലും മത്സ്യബന്ധനത്തിന് കടലില്‍ പോയ തൊഴിലാളികളാണ്. കൃത്യസമയത്ത് സര്‍ക്കാര്‍ മുന്നറിപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ്‌ ഇത്രയും പേരുടെ ജീവന്‍ തന്നെ അപകടത്തില്‍ ആയത്. അതുപോലെ നൂറുകണക്കിന് പേര്‍ ഇപ്പോഴും കാണാമരയത്താണ്. അവരെ തിരിച്ചു കൊണ്ട് വരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും പരാജയമായ കാഴ്ചയാണ് ദുരന്തം നടന്നു ഒരു വാരം കഴിഞ്ഞിട്ടും കാണുവാന്‍ സാധിക്കുന്നത്.