ഐപിഎല്‍ മാതൃകയില്‍ ‘ജെല്ലിക്കെട്ട് ലീഗ്’ വരുന്നു;ആവേശ വരവേല്‍പ്പൊരുക്കി തമിഴ് മക്കള്‍

ചെന്നൈ :ജെല്ലിക്കെട്ടെന്നാല്‍ തമിഴ്നാട് ജനതയ്ക്ക് ഒരു വികാരമാണ്.ജെല്ലിക്കെട്ടിനു നിരോധനമേര്‍പ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിനെതിരെ തമിഴ് സിനിമാതാരങ്ങളടമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത ജെല്ലിക്കെട്ട് പ്രേമികള്‍ക്ക് സന്തോഷം തരുന്ന ഒന്നാണ്.തമിഴ്‌നാട് ജനതയെ ആവേശത്തിലാക്കാന്‍ പൊങ്കലിനോട് അനുബന്ധിച്ച് ‘ജെല്ലിക്കെട്ട് ലീഗ്’ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയിലാണ് ലീഗ് ഒരുക്കുന്നത്. ജെല്ലിക്കെട്ടിന്റെ ലോഗോ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.

ജനുവരി ഏഴിന് ചെന്നൈയിലെ മദ്രാസ് ക്രോ കോഡൈല്‍ ബാങ്കിന് സമീപമുള്ള സ്ഥലത്താണ് മത്സരം നടത്തുന്നത്. തമിഴ്‌നാട് ജെല്ലിക്കെട്ട് പെറവൈയും ചെന്നൈ ജെല്ലിക്കെട്ട് അമൈപ്പുമാണ് സംഘാടകര്‍. സംസ്ഥാനത്തെ 17 ജില്ലകളില്‍ കിന്നും തെരഞ്ഞെടുക്കപ്പെട്ട 500 യുവാക്കളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അഞ്ച് ടീമായി തിരിച്ചായിരിക്കും മത്സരം.

സീ തമിഴ്ചാനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.മൂന്ന് റൗണ്ടായിരിക്കും ജെല്ലിക്കെട്ട് ലീഗില്‍ ഉണ്ടാകുക. ഓരോ റൗണ്ടിലും ഏകദേശം 20 കാളകളെ വീതം മൈതാനത്തേയ്ക്ക് തുറന്നുവിടുമെന്നും സംഘാടകര്‍ അറിയിച്ചു.