ഷുഹൈബ് വധം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ ; സര്‍ക്കാരിനും പോലീസിനും കോടതിയുടെ രൂക്ഷവിമര്‍ശനം
കോടതി പറഞ്ഞാല്‍ ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ കേരളാ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസില്‍ ഇനി കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നും പറഞ്ഞു. കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന സര്‍ക്കാരിന്റെ വാദത്തെ വിമര്‍ശിച്ച കോടതി, അന്വേഷണം സിബിഐക്ക് വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. അതുപോലെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന ഒരിക്കലും പുറത്തുവരാറില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ കുറ്റപ്പെടുത്തി. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെന്നും ഇനി കേസില്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഷുഹൈബ് വധത്തിനു പിന്നിലുള്ളത് വ്യക്തിവൈരാഗ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതികളും ഷുഹൈബും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടെന്ന് ഉറപ്പാണോ എന്ന് കോടതി ചോദിച്ചു. പ്രതികളിലൊരാളായ ബിജുവും ഷുഹൈബും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്നാണ് ഇതിന് മറുപടിയായി സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞത്. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങളും കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമായോ എന്ന ചോദ്യത്തിന് വിശദമായി അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ കൊലപാതകങ്ങളിലെ ഗൂഢാലോചനകള്‍ പുറത്തുവന്ന ചരിത്രമുണ്ടോ എന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചത്. കേസ് കേള്‍ക്കേണ്ട എന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിക്കുന്നു.