ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട യുവാവിന്‍റെ ജോലി തെറിച്ചു

കശ്മീരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് താഴെ അവളെ അപമാനിച്ചുകൊണ്ടു പോസ്റ്റ്‌ ഇട്ട യുവാവിന്‍റെ ജോലി പോയി. കൊട്ടക് മഹേന്ദ്ര പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാറിനെയാണ് തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയതായി ബ്രാഞ്ച് മാനേജര്‍ അറിയിച്ചത്. ‘ഇവളെയെല്ലാം ഇപ്പൊഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ’- എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് മനുഷത്വം മരവിച്ച തരത്തിലുള്ള കമന്റ് ഇയാള്‍ ഇട്ടത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പെട്ടന്ന് തന്നെ എല്ലായിടത്തും പ്രചരിക്കുകയായിരുന്നു. ഇതോടെ കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള തെറികളാണ് ഇയാള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.

തുടര്‍ന്ന് ഇയാളുടെ സകലവിവരങ്ങളും വെച്ച് പോസ്റ്റുകളും പുറത്തു വന്നു ഇതോടെ വിഷ്ണുവിനെ അന്വേഷിച്ചും അയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടും നിരവധി ഫോണ്‍കോളുകളാണ് ബാങ്കിലേക്ക് വന്നിരുന്നതെന്നും മാനേജര്‍ ജിജി ജേക്കബ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയതിനാണ് വിഷ്ണുവിനെതിരെ ബാങ്ക് നടപടി സ്വീകരിച്ചത്. അതുമല്ല വിഷ്ണുവിനെ ജോലിയില്‍നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ കൊട്ടാക്കിന്റെ ഫെയ്സ്ബുക്ക് റേറ്റിങിനെ തകര്‍ത്തിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് വിഷ്ണു ഒളിവില്‍ പോയ സാഹചര്യത്തിലാണ് ജനങ്ങള്‍ കൊട്ടക്കിന്റെ ഔദ്യോഗിക പേജില്‍ കയറി പൊങ്കാല ഇട്ടത്.