എട്ടുവയസുകാരിയുടെ പീഡനം ; പിന്നില്‍ പാക്കിസ്ഥാന്‍ എന്ന് ബി ജെ പി എം എല്‍ എ

ഭോപ്പാല്‍: കത്വ പീഡനത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്ന കണ്ടെതലുമായി ബി ജെ പി എം എല്‍ എ. മധ്യപ്രദേശിലെ ബിജെപി നേതാവായ നന്ദകുമാര്‍ സിങ് ചൗഹാനാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ജയ് ശ്രീ രാം മുദ്രാവാക്യം വിളിച്ച് ഇന്ത്യയെ വിഭജിക്കാനുള്ള പാകിസ്ഥാന്റെ ഗൂഢതന്ത്രമാണ് കത്വ പീഡനത്തിന് പിന്നില്‍ എന്നാണ് നന്ദകുമാറിന്റെ വാദം.

കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ബിജെപിയുടെ നിരാഹാര പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദകുമാര്‍ സിങ് ചൗഹാന്റെ പ്രസ്താവനയോട് ബിജെപി നേതാക്കള്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിക്കുകയായിരുന്നു.