പാലക്കാടും തൃശൂരും ഉണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു മരണം

തൃശൂരിലെ ചാവക്കാടും പാലക്കാട്ട് പട്ടാമ്പിയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെംപോയും കൂട്ടിയിടിച്ച് കോട്ടക്കല്‍ സ്വദേശി അബ്ദുറഹ്മാന്‍ മകന്‍ ഷാഫി എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന കണ്ടയ്നര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചാണ് പട്ടാമ്പിയില്‍ അപകടം ഉണ്ടായത്. മൂന്നു പേരാണ് അപകടത്തില്‍ മരിച്ചത്. നെല്ലായ സ്വദേശിനി സുഹറ (52) ഇവരുടെ മകന്‍ അജ്മല്‍ (28) പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

12.50 നായിരുന്നു ചാവക്കാട് അപകടം. കാറിലുള്ളവര്‍ കൊച്ചിയില്‍ നിന്ന് കോട്ടയ്ക്കലിലേയ്ക്ക് പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പൊലീസ് എത്തിയാണ് ചാവക്കാട് മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവരെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.