കെസിഎയില്‍ കോടികളുടെ കുംഭകോണം ; സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ടി.സി മാത്യു അടിച്ചുമാറ്റിയത് 2.16 കോടി

സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ കുംഭകോണം നടന്നതായി അന്വേഷണ കമ്മീഷന്‍. സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ക്രിക്കറ്റ് വികസനത്തിന്റെ മറവിലാണ് വന്‍ സാമ്പത്തിക തിരിമറി ടി സി മാത്യു നടത്തിയതെന്നാണ് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തിയത്. ഇടുക്കി കാസര്‍ഗോഡ് സ്റ്റേഡിയങ്ങള്‍ക്കായാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തല്‍. കാസര്‍ഗോഡ് സ്റ്റേഡിയത്തിനായി 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണ്. സ്റ്റേഡിയം നിര്‍മ്മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധിക്യതമായി പൊട്ടിച്ചു. ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ വ്യക്തമാക്കി.

ടി.സി മാത്യുവിന് താമസിക്കാന്‍ മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത് 20 ലക്ഷം രൂപയ്ക്കാണ്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് വന്‍തുക വാടകയ്ക്ക് ഫ്ളാറ്റ്എടുത്തത്. കെസിഎയ്ക്ക് സോഫ്റ്റ്വെയര്‍ വാങ്ങാന്‍ വേണ്ടി 60 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഇതിലെല്ലാം ക്രമക്കേടുണ്ടെന്ന് ഓംബുഡ്സ്മാന്‍ വ്യക്തമാക്കുന്നു.
മാത്രമല്ല പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാനെന്ന പേരില്‍ 30 ലക്ഷം ചെലവാക്കിയിട്ടുണ്ട്. ഈ പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചത് ടി.സി മാത്യുവിന്റെ വീട്ടിലാണ് എന്നും കണ്ടെത്തി.

അഡ്വ.പ്രമോദിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. അഴിമതി നടത്തിയ ടി.സി മാത്യുവിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഏറെനാളായി ഈ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടത്തിലായിരുന്നു അഡ്വ. പ്രമോദ്. ഇതേതുടര്‍ന്നാണ് ടി.സി. മാത്യുവിനെതിരേ കെസിഎ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് ടി.സി മാത്യുവില്‍ നിന്ന് തിരിച്ചു പിടിക്കണമെന്ന് ഓംബുഡ്സമാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്സമാന്‍ വ്യക്തമാക്കി.