സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ ; ഗുജറാത്തില്‍ അല്ല കേരളത്തില്‍
മാതാ പിതാ ഗുരു ദൈവം ഇതാണ് നമ്മുടെ പൂര്‍വ്വിക സങ്കല്‍പം. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഗുരുവിനാണ് സ്ഥാനം അത് കഴിഞ്ഞേ ദൈവം ഉള്ളു. ഗുരുക്കന്മാരെ മാതാപിതാക്കളെക്കാള്‍ ബഹുമാനിച്ചിരുന്ന ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഗുരുശിഷ്യ ബന്ധങ്ങളുടെ രീതികളും മാറി. എന്നിരുന്നാലും സമൂഹത്തില്‍ ഏറെ ബഹുമാനം ഉള്ള ഒരു മേഖലയാണ് അധ്യാപകരുടെത്. പക്ഷെ നിര്‍ബന്ധിത പാദപൂജ പോലുള്ള സംഭവങ്ങളിലൂടെ അതും വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍.
തൃശൂര്‍ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളിലാണ് കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ നടന്നതായി ആരോപണം ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘ഗുരുപൂര്‍ണിമ’ എന്ന പേരില്‍ പരിപാടി നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്. ക്ലാസ് അധ്യാപകരുടെ അടുത്ത് എത്തി പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നിര്‍ബന്ധിത പാദപൂജയുടെ വിവരങ്ങള്‍ പുറത്തു വന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശനമായ നിര്‍ദ്ദേശമിരിക്കെയാണ് പല മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ആര്‍എസ്എസ് ദുഷ്ടലാക്കോടെ പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.









