മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ; ഒരുമാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും ഡിജിപിയും

തിരുവനന്തപുരം : കേരളത്തിനെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും സംസ്ഥാന പോലീസ് മേധാവിയും അടക്കമുള്ളവര്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം 2.5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. ശമ്പളത്തില്‍ നിന്ന് ഓഗസ്റ്റ് 14 ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുകയാണ് ഇന്ന് നല്‍കിയത്.

സംസ്ഥാനത്തെ ഉന്നതപദവികള്‍ വഹിക്കുന്നവര്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. അതുപോലെ മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരും ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

അതുപോലെ അഡ്വ.ജനറല്‍ സി.പി.സുധാകരപ്രസാദ്, മന്ത്രിമാരായ ജെ.മെഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വന്‍ സാദത്ത്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എക്‌സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ഋഷിരാജ് സിംഗ് പറഞ്ഞു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ 3,700 അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസിലെ ജീവനക്കാരും തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ ഒരു മാസത്തെ ഹോണറോറിയം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.