സാമ്പത്തിക മാന്ദ്യകാലത്തും ; ജപ്പാനും കൊറിയയും സന്ദര്‍ശിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുറപ്പെടും
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ ജപ്പാനും കൊറിയയും സന്ദര്‍ശിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ അടങ്ങുന്ന സംഘവും ഇന്ന് പുറപ്പെടും. മന്ത്രിമാരായ ഇ.പി. ജയരാജനും, എ.കെ ശശീന്ദ്രനും, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെ വന്‍ സംഘമാണ് യാത്ര ചെയ്യുന്നത്.
വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം എന്നിവ ലക്ഷ്യമാക്കിയാണ് സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കുന്നത്. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപക സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ചയുണ്ട്.
മാത്രമല്ല ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യന്‍ പങ്കെടുക്കും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
മാത്രമല്ല കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് കേരളത്തില്‍ നിക്ഷേപിക്കുക എന്ന ബാനറില്‍ സോളില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തിന്റെ ആയുര്‍വേദം ടൂറിസത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്‌കാരിക-സ്‌പോര്‍ട്‌സ്-ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.