കഴിവില്ല ; കളിക്കാനും അറിയില്ല എന്നാലും പന്തിനു മാത്രം അവസരം നല്‍കിയാല്‍ മതി എന്ന് ബിസിസിഐ

മുന്‍പെങ്ങും ഇല്ലാത്ത വിധം കഴിവ് ഇല്ലെങ്കിലും ഒരു കളിക്കാരനെ ടീമില്‍ നിന്നും കളയില്ല എന്ന വാശിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിക്കറ്റ് കീപ്പിംഗില്‍ വീണ്ടും വീണ്ടും പരാജയമായി മാറിക്കൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പ്രത്യേകം പരിശീലകനെ നിയമിക്കുവാനാണ് ബിസിസിഐ സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദാണ് ഋഷഭ് പന്തിനു പകരം തത്കാലം മറ്റാരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐക്ക് ഉദ്ദേശമില്ലെന്ന സൂചന നല്‍കിയത്. പന്തിന്റെ വിക്കറ്റ് കീപ്പിംഗ് മികവ് വര്‍ധിപ്പിക്കാനായി പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പിംഗിനൊപ്പം ഡിആര്‍എസ് എടുക്കാനും പന്തിന് പ്രത്യേക പരിശീലനം നല്‍കുമെന്ന സൂചനയുമുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളിലൊക്കെ ഋഷഭ് പന്തിന്റെ നിര്‍ദ്ദേശാനുസരണം റിവ്യൂ എടുത്ത ക്യാപ്റ്റന്മാര്‍ക്ക് അബദ്ധം പിണഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡിആര്‍എസ് എടുക്കുന്ന കാര്യത്തില്‍ പന്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് റിവ്യൂ എടുക്കാനും സഞ്ജുവിന് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

മലയാളി താരം സഞ്ജു സാംസണ്‍, ആന്ധ്രാപ്രദേശിന്റെ കെഎസ് ഭരത്, ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷന്‍ തുടങ്ങിയ താരങ്ങള്‍ അവസരം ലഭിക്കാതെ പുറത്തിരിക്കുമ്പോഴാണ് പന്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതും പ്രത്യേക പരിശീലനം നല്‍കാന്‍ ബിസിസിഐ ഒരുങ്ങുന്നതും. വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുന്നതിനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയ്ക്കു കീഴില്‍ പന്ത് പരിശീലനം നടത്തിയിരുന്നു. എന്നാല്‍ പരിശീലനം വലിയ ഗുണമൊന്നും ചെയ്തിട്ടില്ലെന്ന് വിന്‍ഡീസ് പര്യടനം തെളിയിച്ചു.

ഇതേത്തുടര്‍ന്നാണ് പന്തിനെ നിര്‍ബന്ധപൂര്‍വം കളി പഠിപ്പിച്ചേ മതിയാവൂ എന്ന് ബിസിസിഐ തീരുമാനിച്ചത്. ‘പന്തിന്റെ വിക്കറ്റ് കീപ്പിങ് ടെക്‌നിക്‌സ് ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി ഒരു പ്രത്യേക പരിശീലകനെ നിയമിക്കാനാണ് ഞങ്ങളുടെ തീരുമാനം’ – ശ്രീലങ്ക-ഓസ്‌ട്രേലിയ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപനത്തിനിടെ എംഎസ്‌കെ പ്രസാദ് പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമായുള്ള അടുപ്പമാണ് പന്തിനെ ടീമില്‍ തുടരുവാന്‍ അനുവദിക്കുന്നതിന് പ്രധാന രഹസ്യം.