തുടര്‍ച്ചയായി പരുക്കു പറ്റുന്നു ; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനു എതിരെ വിമര്‍ശനവുമായി മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ തുടങ്ങിയ ഇന്ത്യയുടെ അഞ്ചു നിര്‍ണായക താരങ്ങള്‍ക്കാണ് കഴിഞ്ഞ 8-10 മാസത്തിനിടെ പരുക്കേറ്റത്. ഇവര്‍ക്ക് പരുക്ക് പറ്റാനുള്ള കാരണം മത്സരങ്ങളുടെ ആധിക്യം തന്നെയാണെന്ന് ചോപ്ര പറയുന്നു. ഇപ്പോള്‍ ഇന്ത്യ കണക്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നില്ലേ എന്നും ചോപ്ര ചോദിക്കുന്നു.

ജനുവരി 10നാണ് നാട്ടില്‍ നടന്ന ശ്രീലങ്കന്‍ ടി-20 പരമ്പര അവസാനിച്ചത്. തുടര്‍ന്ന് 14ന് ഓസീസ് പരമ്പര ആരംഭിച്ചു. 19ന് ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പര അവസാനിച്ചു. ജനുവരി 24ന് ന്യൂസിലന്‍ഡില്‍ ടി-20 പരമ്പര ആരംഭിച്ചു. ഫെബ്രുവരി 2നാണ് പരമ്പര അവസാനിച്ചത്. അഞ്ചിന് പര്യടനത്തിലെ ഏകദിന പരമ്പരയും 21ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. മാര്‍ച്ച് നാലിനാണ് പര്യടനം അവസാനിക്കുക. തുടര്‍ന്ന് മാര്‍ച്ച് 12ന് നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കും.

നേരത്തെ, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യയുടെ തിരക്കു പിടിച്ച ഷെഡ്യൂളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് ചോപ്ര ബിസിസിഐയെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിമര്‍ശിച്ചത്. വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമര്‍ശിച്ചിരുന്നു.

കളിക്കാര്‍ ഒരു പരമ്പര പൂര്‍ത്തിയാക്കി വിമാനത്തില്‍ അവിടെ നിന്ന് അടുത്ത പരമ്പരക്കായി പുറപ്പെടുന്ന കാര്യം ഏറെ ദൂരത്തില്‍ അല്ലെന്നായിരുന്നു കോലിയുടെ വിമര്‍ശനം. ഭാവിയില്‍ മത്സരക്രമം തീരുമാനിക്കുമ്പോള്‍ അല്പം കൂടി സമയം പരമ്പരകള്‍ക്കിടയില്‍ അനുവദിക്കണമെന്നും കോലി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ബിസിസിഐയുടെ അപ്രീതിക്കും കാരണമായി.

ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതുകൊണ്ട് തന്നെ മാനസികമായും ശരീരികമായും കരുത്തരായിരിക്കാനും മികച്ച പ്രകടനം കാഴ്ച വെക്കാനും തങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് എന്നും രാഹുല്‍ പറഞ്ഞു.