അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് മാസങ്ങളായി രണ്ടാനച്ഛന്റെ ക്രൂര പീഡനം
അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര പീഡനം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോള്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ്. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് സാരമായ പരുക്കേറ്റിട്ടുണ്ട്. നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും നീര് വച്ച് വെള്ളം കെട്ടിയ അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് അയല്‍വാസികളുടെ സാക്ഷ്യപ്പെടുത്തല്‍. മാതാവ് മോനിഷയുടെ അറിവോടെയാണ് രണ്ടാംപിതാവ് വൈശാഖ് കുഞ്ഞിനെ മര്‍ദിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
മൂന്ന് വയസുകാരന്‍ ഇന്ന് വീട്ട് മുറ്റത്ത് തളര്‍ന്ന് വീഴുകയായിരുന്നുവെന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. കുട്ടിയെ രണ്ട് മാസമായി വൈശാഖ് ഗുരുതരമായി മര്‍ദിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പാടുകളുണ്ട്. അമ്മ കണ്ടിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചികിത്സ പോലും നല്‍കിയിരുന്നില്ലെന്നും അമ്മയെയും ഇയാള്‍ മര്‍ദിച്ചിരുന്നുവെന്നുമാണ് വിവരം.