ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവം ; ഡ്രൈവര്‍ അറസ്റ്റില്‍

കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിലാണ് കാര്‍ ഡ്രൈവറെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിന് എതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കഴുത്തില്‍ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയ നായയെ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരന്‍ തടഞ്ഞതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നായയ്ക്കായി തിരച്ചില്‍ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പറവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.

വാഹനം നിര്‍ത്തി നായയെ കെട്ടഴിച്ചു വിടാന്‍ അഖില്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്. കഴുത്തില്‍ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്. എന്നാല്‍, ഓടിത്തളര്‍ന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താന്‍ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികില്‍ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.