ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു തീ പിടിച്ചു ; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് ; പരിക്കേറ്റവരില്‍ സീരിയല്‍ താരവും
മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് ഉണ്ടായ അപകടത്തില്‍ സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു. ജംഗ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡിലേയ്ക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേയ്ക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.