പിണറായി എന്ന ഏകാധിപതി ; കമ്മ്യൂണിസം എന്നത് പിണറായി എന്ന് ചുരുക്കിയ ഭരണാധികാരി

മൂക്കൻ

കേരളത്തില്‍ അന്യം നില്‍ക്കുന്ന ഒരു വിഭാഗമായി മാറി കഴിഞ്ഞു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്നത്. കേള്‍ക്കുമ്പോള്‍ പുച്ഛിക്കാന്‍ തോന്നുമെങ്കിലും സത്യമായ കാര്യമാണ്. പിണറായി എന്ന നേതാവിന്റെ ആരാധകര്‍ മാത്രമാണ് ഇന്ന് കേരളത്തില്‍ ഉള്ളതില്‍ അധികവും. അത് അറിയണം എങ്കില്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു നടക്കുന്നവരോട് ഇ എം എസ്, എ കെ ജി , നായനാര്‍ എന്നിങ്ങനെയുള്ള അവരുടെ മണ്മറഞ്ഞ നേതാക്കന്മാരെ പറ്റി കുറ്റം പറയുക തികച്ചും നിസംഗമായ മറുപടി ആകും അവര്‍ തരിക. അതേസമയം ലാവ്ലിന്‍ , സ്വര്‍ണ്ണക്കടത്ത് എന്ന സൂചന നല്‍കിയാല്‍ മതി ഈ ഭക്തന്മാരുടെ സ്വഭാവം മാറും. നിങ്ങളെ തല്ലാനും കൊല്ലാനും പോലും അവര്‍ മടിക്കില്ല. തിരിച്ചു നമ്മള്‍ എന്തെങ്കിലും പറഞ്ഞ കട്ട സഖാവ് ആണെന്ന ഭൂലോക കള്ളവും.

സത്യം പറഞ്ഞാല്‍ കേരളത്തില്‍ സി.പി.എം എന്നാല്‍ പിണറായി വിജയന്‍ മാത്രമായിട്ട് കാലം കുറച്ചായി. പാര്‍ട്ടി എന്ന് അസ്ഥിത്വത്തില്‍ നിന്നും വ്യക്തി എന്ന സ്ഥായിത്വത്തിലേക്ക് അഭിവന്ദ്യ മാര്‍ക്‌സിസ്റ്റുകള്‍ എന്നേ നിലം പതിച്ചു. എല്ലായ്‌പോഴും അത് പ്രകടമായിരുന്നെങ്കിലും 2016 മുതല്‍ക്കെയാണ് അതിന് ആക്കവും ഏക്കവും കൂടിയത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭയില്‍ നിന്ന് തുടങ്ങാം. തിരഞ്ഞെടുപ്പ് വരെയും ഉണ്ടായിരുന്ന റോള് തിരഞ്ഞെടുപ്പിന് ശേഷം വി.എസ് അച്യുതാനന്ദന് ഉണ്ടായിരുന്നില്ല. ശംഖുമുഖത്തെ പിണറായി വിജയന്റെ പ്രശസ്തമായ ഉപമ. പില്‍ക്കാലത്ത്ത വി.എസി.നെ പാര്‍ട്ടിയുടെ അകന്ന ബന്ധുത്വത്തിലേക്കായിരുന്നു നയിച്ചത്. പിണറായി ഭരണം ഏല്‍ക്കുമ്പോള്‍ സി പി എമ്മില്‍ പിണറായി പക്ഷം അച്യുതാനന്ദന്‍ പക്ഷം എന്നിങ്ങനെ രണ്ടു പക്ഷവും അവര്‍ തമ്മില്‍ നല്ല യുദ്ധവും ഉണ്ടായിരുന്നു.

എന്നാല്‍ തന്റെ സ്വേച്ഛാധിപത്യത്തിനു ഏറ്റവും വലിയ തടസം അച്യുതാനന്ദന്‍ ആണെന്ന് മനസിലാക്കിയ പിണറായി മുഖ്യമന്ത്രി കസേര കിട്ടിയ ഉടന്‍ ചെയ്തത് വി.എസിന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന പിടിപാടുകള്‍ വെട്ടി നിരത്തുക എന്നതായിരുന്നു. അതില്‍ വിജയിച്ച പിണറായി ആര്‍ക്കും ഗുണം ഇല്ലാത്ത ഒരു വകുപ്പ് ഉണ്ടാക്കി അച്ചുമാമനെ അവിടെ പ്രതിഷ്ഠിച്ചു. കൂടാതെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൂടി രംഗ പ്രവേശനം ചെയ്തതോടെ വി എസ് എന്ന പടക്കുതിരയെ സ്വന്തം അണികള്‍ തന്നെ കൈ വിട്ടു. എന്നാല്‍ അപ്പോഴും പിണറായി എന്ന നേതാവിന് ജനസമ്മിതി വളരെ കുറവായിരുന്നു. പാര്‍ട്ടിക്ക് അകത്തു തന്നെ ധാരാളം എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നു. അതുപോലെ മാധ്യമ പ്രവര്‍ത്തകരോടും പലപ്പോഴും ജനങ്ങളോടും ഉള്ള ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം പിണറായിയുടെ ജനസമ്മിതി വീണ്ടും വീണ്ടും കുറയ്ക്കുവാന്‍ ഇടയാക്കി.

ഇതിനിടയില്‍ ഓഖിയിലും ശബരിമല വിഷയത്തിലും എടുത്ത തീരുമാനങ്ങള്‍ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ അവസാനം ആകുമോ എന്ന് വരെ തോന്നിപ്പിച്ചു. എന്നാല്‍ ശബരിമല വിഷയത്തില്‍ ഉണ്ടായ തിരിച്ചടികളില്‍ നിന്നാണ് തന്റെ ജനസമ്മിതി ഉയര്‍ത്തുവാന്‍ ഉള്ള തീരുമാനം പിണറായി പക്ഷത്തു നിന്നും ഉണ്ടായത് എന്ന് വ്യക്തം. ശബരിമലയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഇതുവരെ കാണാത്ത ഒരു തമ്മിലടിയാണ് ഉണ്ടായത്. ഒരു ഭാഗത്തു ഭക്തരും മറു ഭാഗത്തു പിണറായി ഭക്തരും. പിണറായി ഭക്തര്‍ക്ക് കൂട്ടായി പോരാളി ഷാജി ചളു യൂണിയന്‍ പോലുള്ള പേജുകളും ഗ്രൂപ്പുകളും എത്തിയതോടെ രംഗം കൊഴുത്തു. അതേസമയം ഭക്തരുടെ സ്വന്തക്കാര്‍ എന്ന നിലയില്‍ സംഘപരിവാര്‍ വിഷയം ഏറ്റെടുത്തതോടെ വിഷയത്തില്‍ മേല്‍ക്കൈ നേടാന്‍ പിണറായി ടീമിന് കഴിഞ്ഞു. എന്നിരുന്നാലും വനിതാ മതിലിന്റെ മറവില്‍ സ്ത്രീകളെ മലയില്‍ കയറ്റിയത് വലിയ ഒരു കളങ്കം ആയി അവശേഷിച്ചു.

ഇതിനു പിന്നാലെ ഉണ്ടായ പ്രളയം ശബരിമല വിഷയത്തിന്റെ തീവൃത കുറയ്ക്കാന്‍ സഹായിച്ചു. അതിന് പിന്നാലെയാണ് നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാന്‍ പിണറായി മോദിയെ അനുകരിക്കാന്‍ തുടങ്ങുന്നത്. കേരളാ മോദി എന്ന വിളിപ്പേര് അതോടെ ലഭിച്ചു എങ്കിലും കേന്ദ്രത്തിലെ പോലെ ഭരണ തുടര്‍ചയ്ക്ക് ആ അനുകരണം ഏറെ സഹായകമായി. സോഷ്യല്‍ മീഡിയ ശക്തമായ ഈ കാലത്തു അതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കുവാന്‍ തയ്യറാവുകയായിരുന്നു പിണറായി ടീം. അതുപോലെ മോദിയുടെ എതിരാളിയായ രാഹുല്‍ ഗാന്ധിയെ പപ്പു മോന്‍ എന്ന് വിളിച്ചു ജനങ്ങള്‍ക്ക് ഇടയില്‍ രാഹുലിന് കഴിവ് ഇല്ല എന്ന തെളിയിച്ചത് പോലെ ഇവിടെ ചെന്നിത്തലയ്ക്ക് നേരെ ശക്തമായ ആക്രമണം ആണ് തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് അല്ലാത്ത അല്ലെങ്കില്‍ പിണറായി ഭക്തര്‍ അല്ലാത്ത എല്ലാവരുടെയും ഫേസ്ബുക്ക് പേജ് പ്രൊഫൈലുകളില്‍ പോയി അവരെ കൂട്ടമായി ആക്രമിക്കുക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇതുപോലെ പിണറായിയെ കുറ്റം പറയുന്നവരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുക എന്നിങ്ങനെ മോദിയും അമിത് ഷായും നോര്‍ത്തില്‍ പരീക്ഷിച്ചു വിജയിച്ച വഴി തന്നെ ഇവിടെ പിണറായിയും പിന്തുടരുകയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെ പോകുന്ന അവസരത്തിലാണ് 2020 ജനുവരിയില്‍ സംസ്ഥാനത്ത് അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത് .കെ.കെ ഷൈലജ ടീച്ചറിന്റെ പത്ര സമ്മേളനങ്ങള്‍ ജനം കേട്ടിരുന്ന സമയം. അതിനു മുന്‍പ് വന്ന നിപ്പ സമര്‍ഥമായി തടഞ്ഞ ക്രെഡിറ്റ് ഉണ്ടായിരുന്ന ടീച്ചറിന്റെ ഡിപ്പാര്‍ട്ടമെന്റ് ഇതും ആദ്യം കണ്‍ട്രോളില്‍ ആക്കി. അതിന്റെ ക്രെഡിറ്റ് ടീച്ചറിന് സ്വന്തമായി. ബാക്കി ഉള്ള വകുപ്പുകളെക്കാള്‍ ജനങ്ങള്‍ക്ക് വിശ്വാസം ആരോഗ്യ വകുപ്പില്‍ എത്തിയതും കേസുകളുടെ പുരോഗതിയും,കണക്കുകളും കടുകിട ചോരാതെ ടീച്ചര്‍ അവതരിപ്പിച്ചതും ഒരല്‍പ്പം ഇമേജ് ടീച്ചറിന് വളരുന്ന എന്ന് തോന്നിയ സമയം. അടുത്ത വൈകുന്നേരം മുഖ്യമന്ത്രി പിണറായി ചാനലുകളില്‍ അവതരിച്ചു. രാജ്യത്തു തന്നെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി നേരിട്ട് ഇത്തരം പരിപാടി ചെയ്യുന്നത്. അതുപോലെ കൊറോണ കണക്കുകള്‍ക്ക് ഇടയില്‍ കൂടി രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ഉള്ള മറുപടി നല്‍കിയതും ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം ലാഭകരമാക്കാന്‍ കാരണമായി.

കൊറോണ സമയത് ആണ് കേരളം ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തില്‍ തന്റെ ഇമേജ് നന്നാക്കാന്‍ തന്റെ അധികാരം ഒരു മുഖ്യമന്ത്രി പൂര്‍ണ്ണമായും ഉപയോഗിക്കുന്നത് കേരളം കാണുന്നത്. സമൂഹത്തില്‍ നടക്കുന്ന എന്തു നല്ലകാര്യവും പിണറായിയുടെ റിലേറ്റ് ചെയ്യിക്കുവാനുള്ള ഒരു ശ്രമം ആരംഭിക്കുന്നതും അതോടെയാണ്. സിനിമകള്‍ക്ക് കാശ് വാങ്ങി പോസിറ്റിവ് നെഗറ്റിവ് റിവ്യൂ ഇടുന്ന കൂട്ടര്‍ പോലും സിനിമകളിലെ കഥാപാത്രങ്ങളുമായി പിണറായിയെ താരതമ്യം ചെയ്യിച്ചു ഒരു ഹീറോ പരിവേഷം ഉണ്ടാക്കി എടുക്കുവാന്‍ ശ്രമം നടത്തി എന്നത് തന്നെയാണ് ഇതിന്റെ തെളിവ്. മാസം ലക്ഷങ്ങള്‍ ഇത്തരത്തില്‍ പൊടിച്ചു കളയുവാന്‍ യാതൊരു മടിയും സര്‍ക്കാര്‍ കാണിച്ചുമില്ല. സര്‍ക്കാരിനെ തന്നെ താഴെ ഇറക്കുവാന്‍ തക്കതായ സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടു പോലും അതെല്ലാം വെറും പ്രതിപക്ഷ ആരോപണം മാത്രമാണ് എന്ന് തെളിയിക്കുവാന്‍ പിണറായി പി ആര്‍ ടീമിന് കഴിഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം പിണറായിക്ക് കിട്ടിയോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിനു വേണ്ടി എന്ത് കളിയും കളിയ്ക്കാന്‍ തയ്യാറായ കേന്ദ്രം ഇത്തരം നടപടികള്‍ എടുക്കുന്നത് ആദ്യ തവണ അല്ലതാനും. തന്റെ ജനസമ്മിതി ഉയര്‍ന്നു എന്ന വിശ്വാസം തന്നെയാണ് ഉറപ്പാണ് തുടര്‍ ഭരണം എന്ന് പിണറായിയെ കൊണ്ട് പറയുവാന്‍ നിര്ബന്ധിതന്‍ ആക്കിയത്. അതേസമയം പാര്‍ട്ടിക്ക് ഉള്ളില്‍ സ്വര്‍ണ്ണ ഡോളര്‍ കേസുകളില്‍ പലരും തനിക്ക് എതിരെ തിരിഞ്ഞതും മൃദു സംഘപരിവാര്‍ സമീപനവും തനിക്ക് പാര ആകും എന്ന് മനസിലാക്കിയ പിണറായി തനിക്ക് താല്പര്യം ഇല്ലാത്തവരെ എല്ലാം മത്സര രംഗത് നിന്നും വെട്ടി നിരത്തി. അതിനുപിന്നാലെ കോടികള്‍ ഖജനാവില്‍ നിന്നും ഒഴുക്കി മാധ്യമങ്ങളെ നല്ലപോലെ സുഖിപ്പിച്ചു. പിണറായി സ്തുതികള്‍ കൊണ്ട് കേരളത്തിലെ അച്ചടി ദൃശ്യമാധ്യമങ്ങള്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയാ പേജുകള്‍ എന്തിനു സിനിമാ താരങ്ങളുടെ പേജുകള്‍ പോലും 24 മണിക്കൂറും പിണാറായി ഭക്തി മാത്രം പാടാന്‍ തുടങ്ങി.

പിണറായി ആണ് പാര്‍ട്ടി പിണറായിക്ക് മാത്രമേ കേരളത്തിനെ രക്ഷിക്കാന്‍ കഴിയു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാക്കി. ഇതിനെയൊക്കെ തടയുവാന്‍ ഉള്ള ഒരു ശ്രമവും കോണ്‍ഗ്രസ്സ് ഭാഗത്തു നിന്നും ഉണ്ടായില്ല. ബി ജെ പി നടത്തിയ ശ്രമങ്ങള്‍ പിണറായിയുടെയും കൂട്ടരെയും പണികള്‍ എളുപ്പമാക്കി. ഇലക്ഷന്‍ പ്രഖ്യാപനത്തിനു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പിണറായി ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം കണക്ക് കൂട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പാര്‍ട്ടി ഗാനം കണ്ടവര്‍ക്ക് അതില്‍ പിണറായിയെ അല്ലാതെ വേറൊരു കമ്മ്യൂണിസ്‌റ് നേതാവിനെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത് തന്നെ താനാണ് പാര്‍ട്ടി എന്നുള്ള പിണറായിയുടെ ഏകാധിപത്യ സ്വഭാവത്തെ ആണ് എടുത്തു കാണിക്കുന്നത്. അതില്‍ തന്നെ മറ്റുള്ള മഹാന്മാരായ നേതാക്കളുടെ കൂടെ കുമ്മനടിച്ചു വരുന്ന പിണറായിയുടെ മുഖം മൂടി വെച്ച കുട്ടി തന്നെയാണ് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയില്‍ പിണറായി ഇപ്പോള്‍ എന്താണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നത്.

അവസാനമായി ഇ.എം.എസിനെ വെട്ടി വി.എസ് കടന്നു വന്നതു പോലെ, വി.എസിനെ വെട്ടി പിണറായി കടന്നതു പോലെ വെട്ടലും തിരുത്തലും പാര്‍ട്ടിയില്‍ നടന്നു കൊണ്ടേയിരിക്കും. സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പില്‍ അഹങ്കരിക്കുന്ന സി.പി.എമ്മിന് ഇതൊക്കെ വലിയ പ്രശ്‌നമല്ലായിരിക്കാം. എന്നാല്‍ ഞാനും മോനുമാണ് പാര്‍ട്ടി എന്ന നിലയില്‍ ലോകം കളിയാക്കിയ ഒരു പാര്‍ട്ടി പോലും മാറിയ ഈ കാലഘട്ടത്തില്‍ ഞാനും മരുമോനും ആണ് പാര്‍ട്ടി എന്ന നിലയില്‍ ആണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല വരും നാളുകളില്‍ കേരളത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറും. കാരണം സ്വച്ഛാധിപത്യപരമായ നടപടികള്‍ ആണ് പിണറായി ഫലപ്രഖ്യാപനം വന്നതിനു ശേഷം തുടര്‍ച്ചയായി പിന്തുടരുന്നത് എന്ന തെളിവ് തന്നെ സാക്ഷി…