മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കു നിരത്തി പിണറായി
നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണത്തില്‍ വ്യക്തമായ കണക്കുകള്‍ നിരത്തി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി പറഞ്ഞു. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്ടിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസുകളില്‍ പെട്ട 2700 പേര് ഹിന്ദുമതത്തില്‍പ്പെട്ടവരാണ്. പിടിയിലായവരില്‍ 45 ശതമാനത്തോളം വരുമിത്. 1869 പേര് മുസ്ലിങ്ങളാണ്. 34.47 ശതമാനം വരുമിത്. 883 പേര് 15 ശതമാനം ക്രിസ്തു മതത്തില്‍പ്പെട്ടവരാണ്. ഇതില്‍ അസ്വാഭാവിക അനുപാതമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് വില്പനക്കാരും ഉപയോക്താക്കളും പ്രത്യേക സമുദായത്തില്‍ ഉള്ളവരാണെന്നതിനും തെളിവുകളില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്നു കച്ചവടം നടക്കുന്നത്. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാര്‍കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കെയായിരുന്നു മയക്കുമരുന്ന് കേസുകളില്‍ പെട്ടവരുടെ കണക്ക് മുഖ്യമന്ത്രി പുറത്തുവിട്ടത്. ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതികള്‍ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി. 2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര് തൊഴില്‍ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനകളില്‍ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന് പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്.
28 പേര് ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ഇവരില്‍ അഞ്ച് പേരാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. ഇവര്‍ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു എന്നും പിണറായി വ്യക്തമാക്കി.ശരിയായ കാര്യം മനസിലാക്കി ഇടപെടാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. കലക്കവെള്ളത്തില്‍ നിന്നോ വെള്ളം കലക്കി മീന്‍ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പര്‍ധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.