മയിലിനെ കറി വച്ചില്ല ; കോഴിയെ കറിവെച്ചു വിവാദം അവസാനിപ്പിച്ച് ഫിറോസ്

രണ്ടു മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കത്തി നിന്ന ഒരനാവശ്യ വിവാദത്തിനു പരിസമാപ്തി. പാചക വീഡിയോകളിലൂടെ പ്രസിദ്ധനായ പ്രമുഖ യൂ ട്യൂബര്‍ ആയ ഫിറോസ് ചുട്ടിപ്പാറയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദത്തില്‍ അകപ്പെട്ടത്. താന്‍ ഒരു മയിലിനെ കറി വെക്കാന്‍ പോകുന്നു എന്ന പുള്ളിയുടെ ഒരു പോസ്റ്റ് ആണ് ചിലര്‍ വിവാദങ്ങളില്ലേക്ക് വലിച്ചിട്ടത്. ഇന്ത്യയില്‍ മയിലിനെ കൊല്ലുന്നത് നിയമപരമായ കുറ്റം ആണ്. എന്നാല്‍ ഇന്ത്യക്ക് പുറത്തു പല രാജ്യങ്ങളിലും മയില്‍ ഇറച്ചിക്ക് വലിയ ഡിമാന്റ് ആണ്. അവിടെ അവയെ കൊല്ലുന്നത് കുറ്റവും അല്ല. അതുകൊണ്ടു തന്നെ ഇന്ത്യക്ക് പുറത്തു പോയ് ആണ് ഫിറോസ് മയിലിനെ കൊന്നു കറിവെക്കാന്‍ പ്ലാന്‍ ചെയ്തത്.

എന്നാല്‍ അവസാന നിമിഷം തന്റെ ശ്രമത്തില്‍ നിന്നും പിന്മാറുകയാണ് ഫിറോസ് ചെയ്തത്. മയിലിനു പകരം കോഴിക്കറിയാണ് അദ്ദേഹം ഉണ്ടാക്കിയത്.വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പുതിയ വിഡിയോ പുറത്തുവിട്ടു. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ െകാല്ലരുതെന്നും ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 20,000 രൂപയോളം െകാടുത്താണ് മയിലിനെ വാങ്ങിയത്.

‘നമ്മളിപ്പോഴുള്ളത് ദുബൈയിലാണ്. നാട്ടില്‍ ഇതിനെ തൊടുകയോ പിടിക്കുകയോ വിഡിയോ ഷൂട്ട് ചെയ്യുകയോ ഫോട്ടോ എടുക്കുക പോലും ചെയ്യാന്‍ പാടില്ല. ദുബൈയില്‍ ഇതിനെ വാങ്ങിക്കാം” എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ആസ്ട്രേലിയന്‍ മയിലിനെയാണ് കിട്ടിയതെന്നും ദുബൈയില്‍ മയിലിനെ അറുക്കാനും കഴിക്കാനും നിയമപരമായി അനുമതിയുണ്ടെന്നും അടുപ്പ് കൂട്ടിക്കൊണ്ട് ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ദുബൈയിലെ ഒരു മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ ആസ്ട്രേലിയന്‍ മയിലിനെ ഫിറോസ് ദുബൈയില്‍ ഒരു കൊട്ടാരത്തിന്റെ മേല്‍നോട്ടക്കാരനായ മലയാളിയായ നൗഫലിന് കൈമാറി.

സമൂഹമാധ്യമങ്ങളിലടക്കം വന്ന വിമര്‍ശങ്ങളില്‍ ആരോടും വെറുപ്പും വിഷമവുമില്ല. എല്ലാവരോടും സ്നേഹം മാത്രമാണുള്ളത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. മയിലിനെ കറിവയ്ക്കാന്‍ ദുബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഫിറോസ് പങ്കുവച്ച വിഡിയോക്കെതിരെ സംഘ്പരിവാര്‍ അനുകൂലികളുടെ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. ദേശീയത ഉയര്‍ത്തിയായിരുന്നു വിമര്‍ശങ്ങളെല്ലാം. ദേശീയപക്ഷിയെ കറിവച്ചു കഴിക്കുന്നുവെന്നാണ് ഫിറോസിനെതിരെ വിമര്‍ശമുന്നയിച്ചവര്‍ ചൂണ്ടിക്കാട്ടിയത്.