ഭാവശുദ്ധിയുടെ പരമ ഗുരുവിന് പ്രണാമം: സന്തോഷമുളളവരായിരിക്കാന്‍ തായ് നിര്‍ദ്ദേശിക്കുന്ന പഞ്ചശീലങ്ങള്‍
ആന്റെണി പുത്തന്‍പുരയ്ക്കല്‍
നമ്മുടെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റാന്‍ പഞ്ചശീലങ്ങള്‍ ഉപദേശിച്ചുതന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ബുദ്ധമത സന്യാസിയായിരന്നു ‘തായ്’ (ഗുരു) എന്ന പേരില്‍ അറിയപ്പെടുന്ന തിക് നാറ്റ് ഹാന്‍ എന്ന വിയറ്റ്‌നാംകാരനായ ബുദ്ധസന്യാസി.
മനുഷ്യര്‍ എപ്പോഴും സന്തോഷമുളളവരായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി നമ്മെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളും അധ്യാപകരും ലോകത്ത് ഉണ്ട്. എന്നിട്ടും നാമെല്ലാവരും നിത്യേന സന്താഷമുളളവരല്ല. ഇതിനുകാരണം, സന്തോഷത്തിന്റെ കല അഭ്യസിക്കുന്നതിനൊടൊപ്പം നമ്മുടെ കഷ്ടപ്പടുകളെ, ദുഃഖങ്ങളെ ഒരു കലയായി അഭ്യസിക്കാന്‍ പഠിക്കാത്തതുകൊണ്ടാണ്.
നിരന്തരം നിലനിര്‍ത്താന്‍ സാധിക്കുന്ന സന്തോഷം മാത്രം നിറഞ്ഞ ഒരു അവസ്ഥ ജീവിതത്തില്‍ ഒരിക്കലും നമുക്കു സാധ്യമല്ല എന്ന സത്യം നാം അറിയണം അംഗീകരിക്കണം. സന്തോഷം ആസ്വദിക്കാന്‍ കഴിയുന്നതുപോലെ കഷ്ടപ്പാടുകളും നന്നായി ആസ്വദിക്കാന്‍ ഒരാള്‍ക്ക് കഴിയുമ്പോള്‍ ജീവിതം സന്തോഷകരമാകും. ജീവിതം സുഖദുഃഖസമ്മിശ്രമമാണ്. സന്തോഷവും കഷ്ടപ്പാടുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം.
മനുഷ്യരില്‍ ഭൂരിപക്ഷവും സന്തോഷത്തെ മാത്രം പിന്തുടരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. കഷ്ടപ്പാടുകളെ അവഗണിക്കാനോ ചെറുക്കാനോ നമ്മള്‍ നിരന്തരം പരിശ്രമിക്കുന്നു. എപ്പോഴും ദുഃഖം സന്തോഷത്തിന്റെ വഴിക്ക് തടസ്സമാകുന്ന ഒന്നായി നമ്മള്‍ കരുതുന്നു. എന്നാല്‍ സന്തോഷത്തിന്റെ കല, എങ്ങനെ നന്നായി സഹിക്കണമെന്ന് അറിയാനുള്ള കല കൂടിയാണ്. നമ്മുടെ കഷ്ടപ്പാടുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെങ്കില്‍, നമുക്ക് അതിനെ രൂപാന്തരപ്പെടുത്താനും വളരെ കുറച്ച് കഷ്ടപ്പെടാനും കഴിയും. എങ്ങനെ നന്നായി കഷ്ടപ്പെടണമെന്ന് അറിയുന്നത് യഥാര്‍ത്ഥ സന്തോഷം തിരിച്ചറിയാന്‍ അത്യന്താപേക്ഷിതമാണ്.
സമസ്ത മേഖലകളിലും അറിവ് സമ്പാദിച്ചു മുന്നേറുന്ന മനുഷ്യര്‍ക്ക് അവനവനെക്കറിച്ചുള്ള അറിവ് അല്ലെങ്കില്‍ ആത്മജ്ഞാനം വളരെ കുറവാണ്. നമുക്ക് അസ്വസ്ഥതരാകാന്‍, ഉത്ക്കണ്ഠാകുലരാകാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ അഭ്യസിക്കുത്തതിനൊടൊപ്പം ജീവനകല എങ്ങനെ അഭ്യസിക്കണമെന്ന പാഠ്യപദ്ധതി നമ്മുടെ വിദ്യാഭ്യാസത്തിലില്ല. ഭൂരിഭാഗം നമ്മുടെ ദുഃഖങ്ങളും അസന്തുഷ്ടിയും ആശങ്കകളും അതിനുള്ള കാരണങ്ങളും നമ്മുടെ സമൂഹത്തില്‍ നിന്നും നാം ആര്‍ജ്ജിച്ചതാണ്.
സന്തോഷമുളളവരായിരിക്കാന്‍ തായ് നിര്‍ദ്ദേശിക്കുന്ന പഞ്ചശീലങ്ങള്‍
1.നമുക്കു പ്രിയപ്പെട്ട പലതിനേയും ഉപേക്ഷിക്കാന്‍ പഠിക്കുക
സന്തോഷവും സമാധാനവും സൃഷ്ടിക്കുന്നതിനുള്ള ആദ്യ പടി നാം വിലമതിക്കുന്ന, നമുക്ക് പ്രിയപ്പെട്ട, വസ്തുക്കളെയും ചിന്തകളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അങ്ങിനെ പലതിനേയും ഉപേക്ഷിക്കുക എന്നതാണ്.
നമ്മളില്‍ പലരും പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിലനില്‍പ്പിനും സുരക്ഷയ്ക്കും സന്തോഷത്തിനും ഇവ ആവശ്യമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവയില്‍ പലതും-അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, അവയുടെ പൂര്‍ണ്ണമായ ആവശ്യകതയെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും ശരിക്കും തടസ്സങ്ങളാണ്.
നമ്മുടെ ഭയാനകമായ ആസക്തിയെ നാം ആഴത്തില്‍ പരിശോധിക്കുകയാണെങ്കില്‍, വാസ്തവത്തില്‍ അത് നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും തടസ്സമാണെന്ന് നമുക്കു മനസ്സിലാകും. അത് ഉപേക്ഷിക്കാനുള്ള കഴിവ് നമുക്കുണ്ടുണ്ടാവണം. വെറുതെ വിട്ടുകൊടുക്കാന്‍ ചിലപ്പോള്‍ ഒരുപാട് ധൈര്യം നമുക്കു വേണ്ടിവരും. എന്നാല്‍, നമ്മള്‍ ഉപേക്ഷിച്ചുകഴിഞ്ഞാല്‍, സന്തോഷം വളരെ വേഗത്തില്‍ നമ്മില്‍ വളരും.
2. നല്ല ചിന്തയുടെ വിത്തുകള്‍ വളര്‍ത്തുക
നമ്മുടെ ബോധത്തില്‍ സ്വര്‍ഗവുമുണ്ട്, നരകവുമുണ്ട്. നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ അബോധമനസ്സിന്റെ ആഴത്തില്‍ കിടക്കുന്ന പലതരം നന്മയുടെ ‘വിത്തുകള്‍’ ഉണ്ട്. നാം അവയെ നനയ്ക്കുവാനും മുളപൊട്ടുവാനും അഭ്യസിക്കുക. നന്മയുടെ ഈ വിത്തുകള്‍ നമ്മുടെ അവബോധത്തിലേക്ക് കടന്നുവരാനും കൂടുതല്‍ സന്തോഷം നമ്മില്‍ ജനിപ്പിക്കാനും കാരണമാക്കും. ഇതുവഴി നമുക്ക് അനുകമ്പയും വിവേകവും സന്തോഷവും ഉള്ളവരായിരിക്കാന്‍ കഴിയും. നാം നമ്മിലെ നിഷേധാത്മകമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍, വിശേഷിച്ചും ഭൂതകാല വേദനകളിലും കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും മാത്രം മുഴുകുകിയാല്‍, നമ്മിലെ സാക്ഷത്തായ ചിന്തകള്‍ക്ക് പോഷണം ലഭിക്കാതെ വരും. ഇതുവഴി നാം ജീവിതത്തില്‍ അസന്തുഷ്ടരും രോഗികളുമായി മാറും. ഭാവാത്മക ചിന്തകള്‍ നല്ല മനോപോഷണമാണ്.
3. അവധാനപൂര്‍വ്വാധിഷ്ഠിത സന്തോഷം
സന്തോഷകരമായ ജീവിതത്തിന് വരണരഹിതമായി ഓരോ നിമിഷത്തെയും തിരഞ്ഞെടുക്കാനുളള കഴിവ് അത്യന്താപേക്ഷിതമാണ്. നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്ന വിദ്വേഷം കോപം ഭയം ഉത്കണ്ഠ മുതലായ വികാരങ്ങള്‍ നമ്മുടെ മാനസ്സികാരോഗ്യത്തെ – സന്തോഷത്തെ നശിപ്പിക്കും. ഇതിനുപുറമേ, നാശഹേതുകമായ മനസ്സിലെ ചിന്തകള്‍ മസ്തിഷ്‌കത്തില്‍ വ്യതിയാനം വരുത്തുകയും ശരീരത്തിലെ കോശങ്ങള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഇത് ഒഴിവാക്കുവാനുളള ഏകമാര്‍ഗ്ഗം അവധാപൂര്‍വ്വാധിഷ്ഠിത സന്തോഷം നമ്മില്‍ വളര്‍ത്തുകയാണ്. വേദനകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ മാത്രമല്ല, അതിനെ ഉള്‍ക്കൊള്ളാനും രൂപാന്തരപ്പെടുത്താനും, സ്വന്തം ശരീരം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ അത്ഭുതങ്ങളെ സ്പര്‍ശിക്കാനും മനസ്സ് നമ്മെ സഹായിക്കുന്നു. ഈ നിമിഷം ഇവിടെ ആയിരിക്കാനുളള പരിശീലനമാണ് അവധാനതയോടെയുളള ജീവിതം കൊണ്ടുദ്ദേശിക്കുന്നത്. ശ്രദ്ധാലുക്കളായിരിക്കുക എന്നതിനര്‍ത്ഥം ബോധവാനായിരിക്കുക എന്നാണ്. ഈ നിമിഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്ന ഊര്‍ജ്ജമാണിത്. നമ്മുടെ കൈകള്‍ ഉയര്‍ത്തുക, നാം നമ്മുടെ കൈകള്‍ ഉയര്‍ത്തുകയാണെന്ന് അറിയുക അതാണ് നമ്മുടെ പ്രവര്‍ത്തനത്തിന്റെ ശ്രദ്ധ. നമ്മള്‍ ശ്വസിക്കുകയും ശ്വസിക്കുകയാണെന്ന് അറിയുകയും ചെയ്യുമ്പോള്‍, അതാണ് മനസ്സ്. ഒരു ചുവടുവെപ്പ് നടത്തുമ്പോള്‍, ചുവടുകള്‍ നടക്കുന്നുവെന്നറിയുമ്പോള്‍, നാം ചുവടുകളെക്കുറിച്ചാണ് ശ്രദ്ധിക്കുന്നത്. മനസ്സ് എപ്പോഴും എന്തെങ്കിലുമൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കും. നമ്മുടെ ശരീരത്തില്‍, നമ്മുടെ വികാരങ്ങളില്‍, നമ്മുടെ ധാരണകളില്‍, നമുക്ക് ചുറ്റും ഇപ്പോള്‍ നടക്കുന്നതും ഇവിടെയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ നമ്മെ സഹായിക്കുന്ന ഊര്‍ജ്ജമാണിത്. ശ്രദ്ധയോടെ നാം ഇനി വേദനയെ ഭയപ്പെടുന്നില്ല. നമ്മെ സുഖപ്പെടുത്തുന്ന മനസ്സിലാക്കലിന്റെയും അനുകമ്പയുടെയും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് നമുക്ക് കൂടുതല്‍ മുന്നോട്ട് പോയി കഷ്ടപ്പാടുകള്‍ നന്നായി ഉപയോഗിക്കാനും മറ്റുള്ളവരെ സുഖപ്പെടുത്താനും സന്തോഷിക്കാനും സഹായിക്കാനാകും.
4. ഏകാഗ്രത
ശ്രദ്ധയില്‍ നിന്നാണ് ഏകാഗ്രത ജനിക്കുന്നത്. ഏകാഗ്രതയെ തകര്‍ക്കാനും നമ്മെ കഷ്ടപ്പെടുത്തുന്ന ക്ലേശങ്ങളെ അകറ്റാനും സന്തോഷവും സമാധാനവും ഉള്ളില്‍ വളര്‍ത്തുവാനും ഏകാഗ്രതയ്ക്ക് ശക്തിയുണ്ട്.
ഈ നിമിഷത്തില്‍ തുടരാന്‍ ഏകാഗ്രത ആവശ്യമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും എപ്പോഴും നമ്മെ അലട്ടുന്നുണ്ടാവും. നമുക്ക് നമ്മുടെ മനോചിന്തകളെ അതതു സമയം അറിയാനും അംഗീകരിക്കാനും നമ്മുടെ ഏകാഗ്രത ഉപയോഗിച്ച് ഈ നിമിഷത്തിലേക്ക് മടങ്ങാനും കഴിയും. ഏകാഗ്രത വഴി നമുക്ക് ധാരാളം ഊര്‍ജ്ജം ലഭിക്കും. മുന്‍കാല കഷ്ടപ്പാടുകളുടെ വേദനയോ, ഭാവിയെക്കുറിച്ചുള്ള ഭയങ്ങളാലോ നമ്മില്‍ നിന്നും അകന്നുപോകാന്‍ ഇതു സഹായിക്കും. ഏകാഗ്രത വഴി നാം ഈ നിമിഷത്തില്‍ സ്ഥിരതയോടെ വസിക്കും ജീവിതത്തിന്റെ അത്ഭുതങ്ങളുമായി സമ്പര്‍ക്ക പുലര്‍ത്തും സന്തോഷവും സമാധാനവും അനുഭവിക്കും.
ഏകാഗ്രത അഭ്യസിക്കാന്‍ എപ്പോഴും എന്തിലെങ്കിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ശാന്തമായ രീതിയില്‍ നമ്മുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നമുക്ക് ഏകാഗ്രത നേടാം. ഇങ്ങനെ ചെയ്താല്‍ ഏകാഗ്രത ആന്തരിക ശക്തി വളര്‍ത്തും. ഇതിനായി പൂര്‍ണ്ണഹൃദയത്തോടും മനസ്സോടും കൂടി നമ്മുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏകാഗ്രത കഠിനാധ്വാനമല്ല. നമ്മള്‍ സ്വയം ബുദ്ധിമുട്ടുകയോ വലിയ ശ്രമം നടത്തുകയോ ചെയ്യേണ്ടതില്ല. ഇങ്ങനെ നമ്മില്‍ സന്തോഷവും സമാധാനവും എളുപ്പത്തില്‍ ഉടലെടുക്കും.
5. ഉള്‍ക്കാഴ്ച
ഉള്‍ക്കാഴ്ച എന്നാല്‍ ഉള്ളത് ആഴത്തില്‍ കാണലാണ്. അസൂയ, കോപം തുടങ്ങിയ ക്ലേശങ്ങളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും യഥാര്‍ത്ഥ സന്തോഷം വരാന്‍ അനുവദിക്കാനും കഴിയുന്ന വ്യക്തതയാണിത്. നമ്മില്‍ ഓരോരുത്തര്‍ക്കും ഉള്‍ക്കാഴ്ചയുണ്ട്, എന്നിരുന്നാലും നമ്മുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മള്‍ എല്ലായ്‌പ്പോഴും അത് ഉപയോഗിക്കുന്നില്ല. നമുക്ക് വേണ്ടത് ഉള്‍ക്കാഴ്ചയാണ്, അറിവില്ല.
ഈ പഞ്ചശീലങ്ങള്‍ ശ്രദ്ധയോടെ അഭ്യസിച്ചാല്‍ നാം നമ്മുടെ ശരീരത്തിലെ പിരിമുറുക്കങ്ങള്‍ കുറയ്ക്കും, ജീവിതത്തില്‍ സന്തോഷവും സമാധാനവും സദാ അനുഭവിക്കും.