ഹോട്ട് ആകുന്ന മലയാളി നടിമാര്‍ ; ഉപദേശവും സദാചാരവുമായി ഫേസ്ബുക്ക് ആങ്ങളമാരും

മലയാള നടിമാര്‍ പൊതുവെ നാടന്‍ ടൈപ് ആയിരിക്കണം എന്നൊരു ചിന്താഗതിയാണ് കുറെ കാലമായി മലയാള സിനിമയില്‍. സിനിമക്ക് അകത്തും പുറത്തും നല്ല വീട്ടിലെ കുട്ടി ഇമേജ് ആണ് മലയാളികള്‍ ഇവര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗ്ലാമര്‍ കാണിക്കാന്‍ അന്യ സംസ്ഥനത്ത് നിന്നും നായികമാരെ ഇറക്കുമതി ചെയ്യുന്ന രീതിയാണ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. ഇന്നിപ്പോ കാലം മാറി. ടിക് ടോക് , റീല്‍സ് , ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ സാധരണ പെണ്‍കുട്ടികള്‍ പോലും ലൈക്കും ഷെയറും പോപ്പുലാരിറ്റിയും കിട്ടാന്‍ അതീവ ഗ്ലാമര്‍ ഫോട്ടോസ് ദിവസവും ഇടുന്ന കാലഘട്ടം ആയി.മലയാള സ്ത്രീകളുടെ പൊതുവെയുള്ള വസ്ത്രധാരണം തന്നെ ഏറെ മാറി വരികയാണ്. യുവാക്കളുടെ കാര്യം പിന്നെ പറയുകയേ വേണ്ട.

എന്നാല്‍ മലയാള സിനിമയില്‍ ഇപ്പോഴും ശാലീന സുന്ദരികളാണ് നിറയെ. എന്നാല്‍ സിനിമക്ക് പുറത്തു ആ വേഷങ്ങള്‍ ചെയ്യുന്ന നടിമാര്‍ ഒക്കെ അള്‍ട്രാ ഹോട്ട് ലുക്കിലാണ് സോഷ്യല്‍ മീഡിയയില്‍ അവതരിക്കുന്നത്. ബോള്‍ഡ് ലുക്ക് എന്നാണ് ഇപ്പോള്‍ ഇതിന്റെ വിളിപ്പേര്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളില്‍ കൂടുതല്‍ ഫാഷന്‍- ഫിറ്റ്‌നസ് സെന്‍സ് ഉണ്ടാവുകയും പ്രത്യേകിച്ച് സിനിമാമേഖലയില്‍ ഇതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്യുന്ന കാലമാണിത്. ഇത്തരം വിഷയങ്ങളെയെല്ലാം പക്വതയോടും പുരോഗമന സമീപനത്തോടും കൂടി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ഏറെയുണ്ട്. ‘ഗ്ലാമറസ്’ എന്ന പദത്തില്‍ നിന്ന് ‘ബോള്‍ഡ്’ എന്ന പദത്തിലേക്കുള്ള മാറ്റം പോലും ഇതിന്റെ തെളിവാണ്.

എന്നാല്‍ ഇതൊക്കെ ആസ്വദിക്കുന്നവരാണ് ഏറെയും. എന്നിരുന്നാലും രഹസ്യമായി ആസ്വദിച്ചിട്ട് പരസ്യമായി വസ്ത്രധാരണത്തിന്റെ പേരിലും ശരീരത്തിന്റെ സവിശേഷതകളുടെ പേരിലും മറ്റുള്ളവരെ അധിക്ഷേപിക്കുകയും അതിരുകളില്ലാതെ വിമര്‍ശിക്കുകയും വ്യക്തിപരമായി പോലും അപമാനിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ സെലിബ്രിറ്റികള്‍ തന്നെ പരിഹാസപൂര്‍വം ‘ആങ്ങളമാര്‍’ എന്ന് വിശേഷിപ്പിച്ചുകേള്‍ക്കാറുണ്ട്. സെലിബ്രിറ്റികള്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അച്ചടക്കവും ചട്ടവും പഠിപ്പിക്കാന്‍ വരുന്ന പുരുഷന്മാരെ പൊതുവെ ഇങ്ങനെ തന്നെയാണ് സ്ത്രീകള്‍ വിശേഷിപ്പിക്കാറ്. ഒരു പുരോഗമനസമൂഹത്തില്‍ ഉള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ഈ വിശേഷണം ഒരപമാനമാണെന്നതാണ് സത്യം. ഇക്കാര്യം പുരുഷന്മാര്‍ തന്നെ പലപ്പോഴും ചൂണ്ടിക്കാണിക്കാറുമുണ്ട്.

നടിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അവരെ വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്ന പുരുഷ പ്രൊഫൈലുകള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന മറ്റ് പുരുഷ പ്രൊഫൈലുകള്‍ ഇതിനുള്ള തെളിവാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ നടി ഭാവനയ്‌ക്കെതിരെയാണ് വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. ടോപ്പിനടിയില്‍ മറ്റ് വസ്ത്രമൊന്നും ധരിക്കാതെ ശരീരം പ്രദര്‍ശിപ്പിച്ചുവെന്നാണ് ഭാവനയ്‌ക്കെതിരെ വന്ന വാദം. ഭാവനയെ മാത്രമല്ല, ഇന്നും പല മലയാളി നടിമാരെയും സോഷ്യല്‍ മീഡിയയിലെ ‘ആങ്ങളമാര്‍’ വെറുതെ വിടുന്നില്ലെന്നതാണ് സത്യം.

‘ഹോട്ട് ലുക്കി’ല്‍ ഫോട്ടോകളോ വീഡിയോകളോ ചെയ്യുന്നത് നടിമാരുടെയോ താരങ്ങളുടെയോ ജോലിയുടെ ഭാഗമാണ്. കൊമേഴ്ഷ്യലായ- പണത്തെ മുന്‍നിര്‍ത്തി കച്ചവടം നടക്കുന്ന എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ പ്രൊഫഷണലാകുന്ന താരങ്ങള്‍ ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ട് പോകാറ്. എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ബോളിവുഡ് ഈ ട്രാക്കിലേക്ക് കയറിയിട്ടുള്ളതാണ്. തമിഴ് തെലുങ്ക് കന്നഡ സിനിമാ ലോകവും പണ്ടേ ഇങ്ങനെയാണ്. മലയാളികളില്‍ ഒരു വിഭാഗം പേര്‍ക്ക് ഇന്നും ഇത് അംഗീകരിക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ വിയോജിപ്പ് മാന്യമായോ, ആദരപൂര്‍വമോ രേഖപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമായ തരത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ്.