സ്ത്രീയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍ നീക്കിയത് 23 കോണ്‍ടാക്റ്റ് ലെന്‍സുകള്‍ (വീഡിയോ)

വിപണിയില്‍ ഇപ്പോള്‍ നിരവധി തരം കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ലഭ്യമാണ്. ചിലര്‍ ഹോബിക്കായി നിറമുള്ള ലെന്‍സുകള്‍ ധരിക്കുബോള്‍ ചിലര്‍ പവര്‍ ഉള്ളവ ഉപയോഗിക്കുന്നു. ചിലരുടെ കയ്യില്‍ ഇതിന്റെ ഒരു ശേഖരം തന്നെ ഉണ്ട്. അത്തരത്തില്‍ ഉള്ള ഒരു സ്ത്രീയുടെ കണ്ണില്‍ നിന്ന് 23 കോണ്‍ടാക്റ്റ് ലെന്‍സുകള്‍ നീക്കം ചെയ്ത വിചിത്രമായ സംഭവം ഇപ്പോള്‍ പുറത്തു വന്നു. കണ്ണ് വേദനയുമായി ക്ലിനിക്കിലെത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ 23 കോണ്‍ടാക്റ്റ് ലെന്‍സുകളാണ് നീക്കം ചെയ്തത്. കോണ്‍ടാക്റ്റ് ലെന്‍സ് നീക്കാന്‍ മറന്നുപോയതാണ് ലെന്‍സുകളുടെ കൂമ്പാരം ഉണ്ടാകാന്‍ കാരണം. ഇതിന്റെ വിഡിയോ ഡോക്ടര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ആരും കോണ്‍ടാക്റ്റ് ലെന്‍സുകള്‍ നീക്കാതെ ഉറങ്ങാന്‍ പോകരുതെന്നും വിഡിയോയ്ക്കൊപ്പം ഡോക്ടര്‍ കുറിച്ചു. കലിഫോര്‍ണിയ ഐ അസോസിയേറ്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കാതറീന കുര്‍ത്തീവ എന്ന ഡോക്ടറാണ് സെപ്റ്റംബര്‍ 13ന് ഈ വിചിത്ര സംഭവത്തിന്റെ വിഡിയോ പങ്കുവച്ചത്. ക്ലിനിക്കിലെത്തിയ സ്ത്രീ കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചുകൊണ്ടായിരുന്നു ദിവസവും ഉറങ്ങാന്‍ കിടക്കാറെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. ഇത് ഉറക്കത്തില്‍ കണ്‍പോളക്കിടയിലേക്ക് മാറും. ഇക്കാര്യം ഓര്‍ക്കാതെ രാവിലെ വീണ്ടും പുതിയ ലെന്‍സ് ഉപയോഗിക്കും. അങ്ങനെ തുടര്‍ച്ചയായി 23 ദിവസം ഇവര്‍ ലെന്‌സ് ഉപയോഗിച്ച് അവസാനം കടുത്ത കണ്ണുവേദന വന്നതിനു ശേഷമാണ് ഇവര്‍ ക്ലിനിക്കിലെത്തിയത്.