കാട്ടില്‍ നിന്നും കടലിലേയ്ക്ക് ദേശാടനമായി ലക്ഷക്കണക്കിന് ഞണ്ടുകള്‍ (video)
ഒന്നും രണ്ടുമല്ല 65 മില്ല്യണിലധികം ചുവന്ന ഞണ്ടുകള്‍ ആണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വടക്ക്-പടിഞ്ഞാറ് ദ്വീപിനു കുറുകെ സഞ്ചരിക്കാന്‍ തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷത്തിലെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കും ഇത് എന്നും അനുമാനിക്കുന്നു. ക്രിസ്മസ് ദ്വീപിലാണ് ആയിരക്കണക്കിന് ഞണ്ടുകള്‍ ഒരുമിച്ച് പ്രജനനത്തിനായി തീരത്തേക്ക് എത്തിയത്. ശനിയാഴ്ചയുണ്ടായ വലിയ മഴയോട് കൂടിയാണ് ഞണ്ടുകളുടെ ഈ കുടിയേറ്റം ആരംഭിച്ചത്.
ക്രിസ്മസ് ദ്വീപിലെ പ്രാദേശിക ഇനങ്ങളുടെ മാനേജറായ ഡെറെക് ബാള്‍ പറയുന്നത് ഇതിനോടകം തന്നെ മില്ല്യണ്‍ കണക്കിന് ഞണ്ടുകള്‍ തങ്ങളുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ‘വളരെ കുറച്ച് ദിവസങ്ങളേ ആയുള്ളൂ ഞണ്ടുകള്‍ ഇങ്ങനെ യാത്ര തുടങ്ങിയിട്ട്. എന്നാല്‍, ഇതിനോടകം തന്നെ അനേകം ഞണ്ടുകള്‍ യാത്രയിലാണ്. ഇതില്‍ നിന്നും മനസിലാവുന്നത് ഇതൊരു വലിയ കുടിയേറ്റം ആയിരിക്കും എന്നാണ്’ എന്ന് ഡെറെക് പറഞ്ഞു.
അനേകം ഞണ്ടുകളാണ് വരുന്നത്. അതുകൊണ്ട് തന്നെ വരുന്ന ആഴ്ചകളില്‍ അവയ്ക്കുമേല്‍ ശ്രദ്ധ ആവശ്യമായി വരും എന്നും അദ്ദേഹം പറഞ്ഞു. ഞണ്ടുകളുടെ എണ്ണം ദ്വീപില്‍ കൂടിയിട്ടുണ്ട്. ഇവിടെ കാണുന്ന ഒരു തരം ഉറുമ്പ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഈ ഉറുമ്പുകള്‍ ആസിഡ് സ്‌പ്രേ ചെയ്ത് ഞണ്ടുകളെ കൊല്ലുകയും പിന്നീട് തിന്നുകയും ചെയ്യാറുണ്ട്. സാധാരണയായി ഞണ്ടുകളുടെ ഈ കുടിയേറ്റം തുടങ്ങാറ് ഒക്ടോബറിലെയോ നവംബറിലെയോ ആദ്യത്തെ മഴ പെയ്യുമ്പോഴാണ്. അതോടെ ആണ്‍ഞെണ്ടുകള്‍ ബീച്ചിലേക്ക് പോവുകയും പെണ്‍ഞണ്ടുകളെ കണ്ടുമുട്ടുകയും ചെയ്യുന്നു.
ഈ തരത്തില്‍ വലിയ രീതിയിലുള്ള കുടിയേറ്റം പലപ്പോഴും വാഹനഗതാഗതം അടക്കം തടസപ്പെടുത്താറുണ്ട്. റോഡിലും റോഡരികിലും എല്ലാം വലിയ തരത്തില്‍ ഞണ്ടുകളെത്തുന്നത് പ്രദേശവാസികളെയും വലക്കാറുണ്ട്. ഞണ്ടുകളുടെ ഈ യാത്ര കാരണം ?ഗതാ?ഗതക്കുരുക്കുണ്ടാകുന്നതും പതിവാണ്. പ്രജനനത്തിന് ശേഷം സമുദ്രത്തിലേക്ക് പോകുന്ന ഞണ്ടുകള്‍ പിന്നീട് കാട്ടിലേക്ക് തന്നെ മടങ്ങും. പെണ്‍ ഞണ്ടുകള്‍ അവയുടെ മാളങ്ങളില്‍ തങ്ങുന്നു, ദേശാടനകാലത്ത് തുടര്‍ച്ചയായി അഞ്ചോ ആറോ രാത്രികളില്‍ ഒരു ലക്ഷം മുട്ടകളെങ്കിലും ഇവ ഇടുന്നു. ഒരു മാസത്തിന് ശേഷമാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. പക്ഷെ ഇങ്ങനെ കൂട്ടമായി യാത്ര ചെയ്യുന്ന വേളയില്‍ ഇവ മനുഷ്യനേയോ മറ്റു ജീവജാലങ്ങളെയോ ആക്രമിക്കാറില്ല എന്നും പ്രദേശവാസികള്‍ പറയുന്നു.