ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴി തുറക്കണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പ

ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ മാനുഷിക ഇടനാഴികള്‍ വേണമെന്നും ഹമാസിന്റെ ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും എല്ലാ സാധാരണക്കാരും സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് പ്രതിവാര പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി നിരപരാധികള്‍ മരിച്ചുകഴിഞ്ഞെന്നും യുക്രൈനിവോ വിശുദ്ധ ഭൂമിയിലോ ഒരിടത്തും തന്നെ നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

അതേസമയം ഗാസയില്‍ വ്യോമാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ നിന്ന് വെടിവെപ്പും തുടങ്ങിയിരിക്കുകയാണ് ഇസ്രായേല്‍ സേന. പലായനം ചെയ്യുന്നവര്‍ക്ക് കാരുണ്യ ഇടനാഴി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നല്‍കിയ സമയപരിധി അവസാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു ംപലസ്തീന്‍ പ്രസിഡന്റ് മെഹ്‌മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രായേല്‍ സേന ആലപ്പോ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയതായി സിറിയ ആരോപിച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുന്ന ജറാള്‍ഡ് ആര്‍ ഫോര്‍ഡിനു പിന്നാലെ ഡടട ഐസനോവര്‍ എന്ന യുദ്ധക്കപ്പല്‍ കൂടി അമേരിക്ക അയച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസയ്ന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയുമായി ദോഹയില്‍ ചര്‍ച്ച നടത്തി. ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ ബിലാല്‍ അല്‍ കെദ്ര കൊല്ലപ്പെട്ടു. അറബ് രാഷ്ട്രങ്ങളില്‍ പര്യടനം തുടരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഗാസയിലെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കണമെന്ന ഇസ്രായേല്‍ നിര്‍ദേശം വധശിക്ഷക്ക് തുല്യമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.