കൂടംകുളം ആണവനിലയവും ഇന്ത്യന്‍ സഭകളും
ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍ സി എം ഐ
കൂടംകുളം ആണവനിലയം എത്രകണ്ട് സുരക്ഷിതമാണ്? ഇതിന് ഉത്തരം നല്‍കിയത് സുപ്രീംകോടതിയാണ്. മേയ് 7ന് രാജ്യത്തെ പരമോന്നത കോടതി തമിഴ്‌നാട്ടിലെ കൂടംകുളം ന്യൂക്ലിയര്‍ പവര്‍പ്ലാന്റ് കമ്മീഷന്‍ ചെയ്യാനുള്ള പച്ചക്കൊടി കാട്ടി. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് പുറത്തുള്ള ഈ വിധിന്യായം ആണവ നിലയത്തിന്റെ സുരക്ഷയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ഊര്‍ജ്ജ സുരക്ഷയും മാത്രമാണ് പരിഗണിച്ചത്.
സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്ന ഒളിച്ചുകളിരാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പൊതുതാല്‍പ്പര്യവും പരിഗണിക്കുമ്പോള്‍ കൂടംകുളം പ്ലാന്റ് ആവശ്യവും ഒപ്പം സുരക്ഷിതവുമാണ്. ഈ ഉദ്ദേശത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തിനാകണം മുന്‍ഗണന കൊടുക്കേണ്ടത്. ഇന്ത്യയുടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം ഒരു ചെറുവിഭാഗം ആളുകള്‍ക്ക് വേണ്ടി ലംഘിക്കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ദീപക് മിശ്രയും ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കി.
ഒപ്പം വലിയൊരു സമൂഹത്തിന്റെ പൊതു താല്‍പ്പര്യത്തിന് വേണ്ടി ഒരു വ്യക്തിയുടെ മനുഷ്യാവകാശം ലംഘിക്കുന്നതോ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതോ കുറ്റകരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആണവോര്‍ജ്ജ നിയമത്തില്‍ പ്രതിഫലിക്കുന്ന രാജ്യത്തിന്റെ ദേശീയ ആണവ നയത്തെ മാനിക്കുകയും അത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയും ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം വച്ചാണ് കൂടംകുളം ആണവ നിലയം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജ്ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയിലെ എല്ലാ ആളുകള്‍ക്കും യോജിപ്പുണ്ടാകില്ലെന്ന് കോടതി നീരീക്ഷിച്ചു. ഒരു ന്യൂക്ലിയാര്‍ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ മാത്രം പെരുപ്പിച്ച് കാട്ടുന്നത് ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സുപ്രീം കോടതിയുടെ തീരുമാനം നീതിയല്ലെന്ന് ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പ്ലാന്റിന്റെ പ്രവര്‍ത്തനം ഏതുവിധേനയും തടയുമെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നത് വരെ സമരം തുടരുമെന്നും കൂടംകുളം ആണവോര്‍ജ്ജ നിലയത്തിനെതിരേ പ്രവര്‍ത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ പുഷ്പരാജന്‍ പറഞ്ഞു.
ന്യൂക്ലിയര്‍ റിയാക്ടര്‍ ഒരു യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തിലാണ് ഈ പ്രക്ഷോഭത്തിലും പ്രവൃത്തിയിലും ക്രിസ്തുമതത്തിന്റെ പങ്കിനെ കുറിച്ച് പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്.ഞാന്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയിലും ഒരു ക്രിസ്ത്യാനി എന്ന നിലയിലും ഒപ്പം ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും ഈ വിഷയത്തെ സമീപിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ വക വെയ്ക്കാതെ വളരെ ഉത്സാഹത്തോട് കൂടിയാണ് ഗവണ്‍മെന്റ് തങ്ങളുടെ ആണവ സുരക്ഷാ അജണ്ട രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. മാത്രമല്ല നിയമം പാസ്സാക്കി എടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശക്തമായി വാദിക്കുകയും ചെയ്തു.
ചില ശാസ്ത്രജ്ഞര്‍ ഗവണ്‍മെന്റിനെ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ ആണവനിലയങ്ങളുടെ സുരഷാസംവിധാനങ്ങളിലുള്ള അപര്യാപ്ത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. ഫുകുഷിമ ദുരന്തം ഇതിന്റെ ആശയപരമായും ശാസ്ത്രപരവുമായുള്ള വീക്ഷങ്ങളുടെ ശക്തി കൂട്ടുകയും ചെയ്തു. എന്ത് തന്നെയായാലും പാര്‍ലമെന്റ് ആണവ നയത്തെ പിന്തുണയ്ക്കുകയും അതുവഴി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. പശ്ചാത്തലത്തില്‍ ആശയപരമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ചില ചരിത്രപശ്ചാത്തലങ്ങള്‍ ഈ വിവാദത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്ന് കരുതുന്നു. 1988 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്താണ് സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കൂടംകുളം ന്യൂക്ലിയാര്‍ പദ്ധതി നടപ്പിലാക്കുന്നത്. സോവിയറ്റ് യൂണിയന് വേണ്ടി പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് കരാറില്‍ ഒപ്പുവച്ചു. 2002 ലാണ് പദ്ധതിയ്ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നത്. 1992 ല്‍ യുണൈറ്റൈഡ് സ്‌റ്റേറ്റ്‌സ് പദ്ധതിയ്ക്ക് എതിരേ രംഗത്തുവരുകയും അത് തടയാന്‍ ശ്രമിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലേക്ക് വരുകയാണെങ്കില്‍, പദ്ധതി്ക്ക് അനുമതി നല്‍കുന്നത് ദ്രാവിഡ മുന്നേറ്റ കഴകം നേതാവായ കരുണാനിധി അധികാരത്തിലിരിക്കുമ്പോഴാണ്. അതിനാല്‍ തന്നെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ആള്‍ ഇന്ത്യാ അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയ്ക്ക് വിലങ്ങ് തടിയിടാന്‍ സ്വാഭാവികമായും ശ്രമിച്ചു. മറ്റെല്ലാ സമുദായങ്ങളേയും ആശയങ്ങളേയും പോലെ തൂത്തുകുടി കത്തോലിക്കാ രൂപതയും അവിടുത്തെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രികളും വിശ്വാസികളും അടങ്ങുന്ന വലിയൊരു സംഘം പദ്ധതിയ്ക്ക് എതിരായ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിലാണ് ഗവണ്‍മെന്റ്, മുന്‍ പ്രസിഡന്റും ശാസ്ത്രജ്ഞനുമാ എപിജെ അബ്ദുള്‍കലാമിനെ ഒരു പ്രശ്‌നപരിഹാരത്തിനായി സമീപിക്കുന്നത്.
കലാം പ്രക്ഷോഭകാരികളെ ശാന്തനാക്കുന്നതിന് വേണ്ടി 200 മില്യണ്‍ രൂപയുടെ ഒരു പദ്ധതി മുന്നോട്ട് വച്ചെങ്കിലും ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ ഇത് നിരസിക്കുകയും സമരവുമായി മുന്നോട്ട് പോവുകയും ആയിരുന്നു. എന്നാല്‍ ചില സമുദായ സംഘടനകളുടെ ഇടപെടലോടെ പ്രക്ഷോഭം പെട്ടന്ന് അക്രമ്ത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ചില ക്രിസ്ത്യന്‍ പ്രക്ഷോഭകാരികളെ ചില വിമതസംഘടനകളുടെ പിന്തുണ പ്രകാരം ചില ഹിന്ദുക്കള്‍ മര്‍ദ്ദിക്കുകയുണ്ടായി. അങ്ങനെ സംഭവം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുകയുണ്ടായി. മാത്രമല്ല എഐഎഡിഎംകെ നയിക്കുന്ന ജയലളിത സര്‍ക്കാര്‍ പദ്ധതിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു. മുന്‍പ് പദ്ധതിയെ കണ്ണുമടച്ച് എതിര്‍ത്തിരുന്നതാണ് എന്നത് മറന്നാണ് ജയലളിത പദ്ധതിയെ ഒരു സുപ്രഭാതത്തില്‍ അനുകൂലിച്ചത്.
സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും പദ്ധതിയ്ക്ക് ഒരുപോലെ സമ്മതം മൂളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ ഇത്തരമൊരു വിധിന്യായത്തില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
എന്നാല്‍ ഗവണ്‍മെന്റും നീതിന്യായ വ്യവസ്ഥയും ഒരു പോലെ പിന്തുണയ്ക്കുന്ന ഒരു പദ്ധതിയ്ക്ക് എതിരേ എത്ര നാള്‍ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയും. പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ക്രിസ്തീയ സമൂദായത്തിന്റെ നിലപാടിനെ രാജ്യം എങ്ങനെയാണ് വിലയിരുത്തുന്നത്? കത്തോലിക്കാ സഭയുടെ നിലപാടിനെ കുറിച്ച് മറ്റ് മതങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉള്ള അഭിപ്രായം എ്ന്താണ്? പല രാഷ്ട്രീയസാമുദായിക നേതാക്കളും ഈ വിവാദത്തെ കത്തോലിക്കാസഭയെ താറടിച്ചുകാണിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാണ് കത്തോലിക്കാസഭയുടെ നിലപാടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
പ്ലാന്റ് സ്ഥിതി ചെയ്യുന്ന തമിഴ് നാട്ടില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. വൈദ്യുതിയുടെ ദൗര്‍ലഭ്യം കാരണം പല വലിയ വ്യവസായങ്ങളും തമിഴ്‌നാട്ടില്‍ നിന്ന് പ്രവര്‍ത്തനം അവസാനിപ്പി്ച്ച് പോയിട്ടുണ്ട്. വൈദ്യുതിയില്ലാതെ ജോലി ഉണ്ടാകില്ല, കുടുംബങ്ങള്‍ക്കും അതുവഴി സമൂഹത്തിനും പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കൂടംകുളം ന്യൂക്ലിയര്‍ റിയാക്ടര്‍ എന്നത് ഇപ്പോള്‍ ഒരു ദേശീയ വിഷയമാണ്. അതുകൊണ്ട് തന്നെ തദ്ദേശ സഭയ്ക്ക് മാത്രമായി ഈ വിഷയത്തില്‍ പ്രക്ഷോഭം തുടരണോ എന്ന തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ല. പ്രത്യേകിച്ച് നിയമവ്യവസ്ഥയും ഗവണ്‍മെന്റും ഈ ആശങ്കകള്‍ ദൂരീകരിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍.
പ്രക്ഷോഭകാരികള്‍ തദ്ദേശ സഭകളെ ഹൈജാക്ക് ചെയ്യുകയും അത് വഴി വലിയൊരു വിഭാഗം വരുന്ന ക്രിസ്ത്യന്‍ സമുദായത്തിനെതിരേ ഒരു വികാരം സൃഷ്ടിക്കുകയുമായിരുന്നു. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് എതിരേ തുടര്‍ന്ന് നയിക്കുന്ന പ്രക്ഷോഭം ഒരു അട്ടിമറിയും വഞ്ചനയുമായി വിലയിരുത്തപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ തമിഴ്‌നാട് ബിഷപ്പ് കൗണ്‍സിലും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും ഈ പ്രക്ഷോഭത്തില്‍ സഭയ്ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലാത്ത പക്ഷം രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ക്രിസ്ത്യന്‍ സമുദായവും മൊത്തം സഭകളുമാണ് എന്ന ഒരു വികാരം ദേശ വ്യാപകമായി ഉണ്ടാകാന്‍ കാരണമാകും. തദ്ദേശീയവും ദേശീയവും അന്തര്‍ദ്ദേശീയവുമായി അധികാര മോഹികള്‍ തൂത്തുകുടി രൂപതയെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. തൂത്തുക്കുടി രൂപത ഇവരുടെ പക്കലെ ഉപകരണമായി മാറുകയായിരുന്നു.
അധികാരമോഹികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പണയം വെയ്ക്കാനുള്ളതല്ല സഭയും സഭയുടെ വിശ്വാസങ്ങളും.ആത്യന്തിക നഷ്ടം ക്രിസ്ത്യന്‍ സമുദായത്തിനാണ്, പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക്. ഇതിന് നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. സഭയുടെ പ്രവര്‍ത്തനങ്ങളും മറ്റും പോലീസും, നികുതി വകുപ്പും അടക്കമുള്ള പല ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംശയത്തോടെ പരിശോധിക്കാന്‍ ഇത് കാരണമായി.
ഈ സാഹചര്യത്തില്‍ സഭയുടെ ദേശീയ നേതാക്കള്‍ മുന്നോട്ട് വരുകയും പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കുകയും വേണം. അല്ലാത്ത പക്ഷം ഈ വൈമനസ്യം ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ വളരെ വലുതും മൊത്തം സമുദായത്തെ തന്നെ ബാധിക്കുന്നതും ആയിരിക്കും.
ലേഖകനെ കുറിച്ച് രണ്ട് വാക്ക്: ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍, ക്രാന്തദര്‍ശിയായ അധ്യാപകന്‍, ശാസ്ത്രഞജന്‍ എന്നി നിലകളില്‍ ഇന്‍ഡ്യയിലും വിദേശത്തും സുപരിചിതനാണ്. ക്വാന്‍ഡം മെക്കാനിക്ക്‌സില്‍ ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സി.എം.ഐ സന്യാസ സമൂഹത്തിലെ വൈദികനാണ്. ഇപ്പോള്‍ ഇന്ത്യയിലെയും വിദേശത്തേയും സര്‍വ്വകലാശാലകളില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചുവരുന്നു. മതവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ലോകത്തെ വിവിധയിടങ്ങളില്‍ സെമിനാറുകള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു. മാറ്റേസ് ഇന്‍ഡ്യയുടെ റിലിജന്‍ ആന്റ് സയന്‍സ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.