ജോപ്പന്‍ ചേട്ടന്റെ മരണം – ഒരു ഫ്‌ലാഷ് ബാക്ക്

സണ്ണി മാളിയേക്കല്‍

ഒത്ത പൊക്കവും കട്ട മീശയും മിതഭാഷിയുമായ ജോപ്പന്‍ ചേട്ടന്‍ 1970 കാലഘട്ടങ്ങളില്‍ തിയോളജി പഠിക്കാന്‍ അമേരിക്കയിലെത്തുകയും പിന്നീട് അന്നമ്മ ചേച്ചിയെ കല്യാണം കഴിച്ച് 80കളുടെ തുടക്കത്തില്‍ ബ്രോണ്‍സ്, കാര്‍പെന്‍ഡര്‍ അവെന്യൂയില്‍ വീട് വാങ്ങി താമസം ആരംഭിച്ച കുടുംബമാണ്. ജോപ്പന്‍ ചേട്ടനും അന്നമ്മ ചേച്ചിയും ആദ്യകാല മലയാളികളെ, സഹായിച്ച ചരിത്രം പഠിച്ചാല്‍ ആഗോള സംഘടനയ്ക്ക് പോലും അവരോളം എത്താന്‍ സാധിച്ചു എന്ന് എനിക്ക് തോന്നുന്നില്ല.

രാത്രി 911 വിളിച്ചാണ് ജോപ്പന്‍ ചേട്ടനെ ഹോസ്പിറ്റലില്‍ എത്തിച്ചത്. കുറച്ചുകാലമായി ജോപ്പന്‍ ചേട്ടന്‍ ചില മരുന്നുകള്‍ കഴിക്കാറുണ്ടെന്നും, അതില്‍ അടങ്ങിയിരിക്കുന്ന ഭസ്മം (lead) കിഡ്‌നിയെ മാത്രമല്ല, ഡൈജസ്റ്റിവ് സിസ്റ്റത്തെ തകരാറിലാക്കി എന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വൈകുന്നേരം ആയപ്പോള്‍ ജോപ്പന്‍ ചേട്ടന്‍ മരണപ്പെട്ടു.

കാര്‍പെന്റര്‍ അവന്യൂവിലെ വീട് നിറയെ ആളുകള്‍, വിരലിലെണ്ണാവുന്ന അച്ഛന്‍മാരും ഒരുപിടി പാസ്റ്റര്‍മാരും മാത്രമുള്ള കാലം. അമേരിക്കയിലെ മരണാനന്തര കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. പെട്ടിയുടെ വില, വേക്ക്, ഫ്യൂണറല്‍ ഇതെല്ലാം കേട്ട് ഞെട്ടി പോയി. അന്നമ്മ ചേച്ചി തളര്‍ന്നു കിടക്കുകയാണ്. കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കണം. പെട്ടെന്നാണ് ചാടി എഴുന്നേറ്റ് അന്നമ്മ ചേച്ചി പറഞ്ഞത്, ജോപ്പന്‍ ചേട്ടന്‍ ആകെ ഒരേയൊരു മകനാണ്, അപ്പച്ചന്‍ ജീവിച്ചിരിപ്പുണ്ട്. ജോപ്പന്‍ ചേട്ടന്‍ എപ്പോഴും പറയും അമ്മയുടെ കല്ലറയുടെ അടുത്ത് കിടക്കണം അതുകൊണ്ട് നാട്ടില്‍ അടക്കണമെന്ന്.

കാര്യപരിപാടികള്‍ക്ക് മൊത്തം മാറ്റം. ബോഡി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഫോര്‍മാലിറ്റീസ് തുടങ്ങി .പ്രധാന പ്രശ്‌നം പഴയ കൊച്ചി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ പോര്‍ട്ട് ഇല്ല. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങുവാന്‍ സാധിക്കും. ജോപ്പന്‍ ചേട്ടന്റെ തറവാട് വീട് അങ്കമാലി അടുത്താണ്. ജോപ്പന്‍ ചേട്ടന്റെ അളിയന്‍ മിലിറ്ററിക്കാരന്‍ ഔസേപ്പച്ചനോട് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ഞാനും സുഹൃത്ത് രാജനും കൂടെ പോകുവാനും തീരുമാനിച്ചു. ഫ്രാങ്ക്ഫര്‍ട്ട് വഴി ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

തിരുവനന്തപുരത്ത് കാര്‍ഗോയില്‍ നിന്നും പെട്ടിയിറക്കിയപ്പോഴാണ് മനസ്സിലാവുന്നത് പെട്ടി ആംബുലന്‍സില്‍ കയറില്ല എന്ന്. കൂടെ വന്നിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പെട്ടെന്ന് തന്നെ ഒരു ലോറി തരപ്പെടുത്തി. പെട്ടി ലോറിയിലും, അന്നമ്മ ചേച്ചിയും കുട്ടികളും ആംബുലന്‍സിലും, ഞാനും രാജനും പഞ്ചായത്ത് പ്രസിഡണ്ട് വന്ന കാറിലും യാത്രയായി. ഏതാണ്ട് 250 കിലോമീറ്റര്‍ യാത്രയാണ്, ഉച്ചയോടെ അടുത്തപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു ഞങ്ങളെല്ലാവരും തലേദിവസം വന്നതാണ് നല്ല വിശപ്പുണ്ട് ഒന്നും കഴിച്ചിട്ടില്ല. ഉച്ചഭക്ഷണം കഴിക്കാതെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്ന്.

ഊണ് തയ്യാര്‍ എന്ന് എഴുതിവെച്ച ഒരു ഹോട്ടലിലേക്ക് ഞങ്ങള്‍ കയറി. ഹോട്ടലുടമയും അദ്ദേഹത്തിന്റെ ഭാര്യയും ഓടിനടന്ന് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു. സിഗരറ്റ് വലിച്ചും, ഏമ്പക്കം വിട്ടു കല്യാണവീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ എല്ലാവരും വീണ്ടും യാത്രയായി. ട്രാഫിക് തടസ്സങ്ങളും നാലുമണി ചായയും കഴിഞ്ഞ് ജോപ്പന്‍ ചേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ സന്ധ്യയോട് അടുത്തു.

മുറ്റത്ത് ഒരു ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയിട്ടുണ്ട്. കട്ടിലും, കുരിശും, മെഴുകുതിരികാലും റെഡിയാണ്. ജോപ്പന്‍ ചേട്ടന്റെയും അന്നമ്മ ചേച്ചിയുടെയും അമേരിക്കയിലെ നെറ്റ്വര്‍ക്ക് അനുസരിച്ച് വലിയ ആള്‍ക്കൂട്ടവും മറ്റും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അവിടെ ഇവിടെയായി എല്ലാം കൂടെ കുറച്ച് ആളുകള്‍. ഒറ്റമുണ്ടെടുത്ത് ഒരു അപ്പച്ചന്‍ കട്ടിലിനു ചുറ്റും നടപ്പുണ്ട്. കുറച്ച് പേര്‍ മതിലിന് പുറത്ത് നില്‍പ്പുണ്ട്. അന്നമ്മ ചേച്ചിയെയും മക്കളെയും കെട്ടിപ്പിടിച്ച് ആ അപ്പച്ചന്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു.

എനിക്കും രാജനും അത്യാവശ്യമായി ഒന്ന് കുളിക്കണം. ഔസേപ്പച്ചനോട് ഞാന്‍ കാര്യം പറഞ്ഞു. വളരെ ശക്തമായ ഭാഷയില്‍,’പെട്ടി തുറന്ന് കാര്യപരിപാടികള്‍ നടക്കാതെ നമുക്ക് മറ്റു കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല’ എന്ന് അദ്ദേഹം കര്‍ക്കശമായി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകള്‍, പെട്ടി ഇറക്കുവാന്‍ സഹായിച്ചു. ബോഡിയുടെ അവസ്ഥ എങ്ങനെയാണെന്ന് അറിയില്ല, അതുകൊണ്ട് രാവിലെ പെട്ടി തുറക്കുകയും പ്രാര്‍ത്ഥനയും, അതോടനുബന്ധിച്ച് എത്രയും വേഗം ശവസംസ്‌കാരം നടത്തുന്നതായിരിക്കും നല്ലത്, രാത്രി മുഴുവനും തുറന്നു വെച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിയല്ല എന്ന് ഞങ്ങള്‍ ഔസേപ്പച്ചനോട് പറഞ്ഞു.’ ഇല്ല, പുറത്തുള്ള പെട്ടി തുറന്നാല്‍ മതി ക്യാസ്‌ക്കെറ്റ് തുറക്കേണ്ട, ക്യാസ്‌ക്കെറ്റ് നാളെ തുറക്കാം ‘എന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഞങ്ങളെക്കാള്‍ ഔസേപ്പച്ചന് അറിയാം എന്ന് മനസ്സിലായി. പലകയില്‍ നാഗ(zinc) തകിടില്‍ പൊതിഞ്ഞ്, എയര്‍ ടൈറ്റ് ആയി, ഫോര്‍ക്ക് ലിഫ്റ്റ് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഉണ്ടാക്കിയ പെട്ടിക്ക് അകത്താണ്, ക്യാസ്‌ക്കെറ്റ്- അതിനകത്താണ് ബോഡി.

എന്നെയും രാജനെയും മാറ്റി നിര്‍ത്തി ഔസേപ്പച്ചന്‍ പറഞ്ഞു, പുറമേയുള്ള തടിപെട്ടിക്ക് ആവശ്യക്കാരന്‍ വന്നിട്ടുണ്ട്, അവരാണ് , പെട്ടി ഇറക്കുവാനും മറ്റും സഹായിക്കുന്നതും. തുകയുടെ കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം ഞാന്‍ കൈകാര്യം ചെയ്യാം, അടുത്ത വീട്ടില്‍ നിങ്ങള്‍ക്ക് കുളിക്കുവാനും മറ്റു സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ കുളി കഴിഞ്ഞു വന്നപ്പോള്‍, ക്യാസ്‌ക്കറ്റ് തുറന്ന് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. ഞങ്ങളാ പന്തലില്‍ അപ്പച്ചനുമായി സംസാരിച്ചിരുന്നു.

രാത്രിയായപ്പോള്‍ നാട്ടിലെ സാധാരണ ഒരു പെട്ടിയും ആരോ കൊണ്ട് അവിടെ വെച്ചിരുന്നു. ആ പെട്ടിയുടെ ആവശ്യം വരില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. ഔസേപ്പച്ചനാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അദ്ദേഹം എല്ലാം നോക്കിക്കോളും എന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നര്‍ പറഞ്ഞു. എപ്പോഴോ ഞങ്ങള്‍ മയങ്ങിപ്പോയി. കണ്ണുതുറന്നു നോക്കുമ്പോള്‍, നാടന്‍ പെട്ടിയില്‍ ജോപ്പന്‍ ചേട്ടനെ പൂക്കളെല്ലാമായി അലങ്കരിച്ച് ഒരുക്കിയിരുന്നു.

ചടങ്ങുകള്‍ക്ക് ശേഷം ആ നാട്ടിലെ പതിവ്, പങ്കെടുത്തവരെല്ലാം വീട്ടില്‍ വന്ന് ചോറും സാമ്പാറും കഴിച്ച് തിരിച്ചു പോകും. അടുത്തിരുന്ന രണ്ടുപേര്‍ അടക്കം പറയുന്നത് കേട്ടു, ജോപ്പന്‍ ചേട്ടനെ അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന പുറമേയുള്ള തടിപെട്ടി, കോള്‍ഡ് സ്റ്റോറേജ് നടത്തുന്ന ടോമിച്ചന്‍ അമ്പതിനായിരം രൂപയ്ക്കും അകത്തു ബോഡി കൊണ്ടുവന്ന തലപൊങ്ങുന്ന തിളങ്ങുന്ന പെട്ടി വടക്കുള്ള മജീഷ്യന്‍ ഒരു ലക്ഷം രൂപയ്ക്കും വാങ്ങി പോലും!!