കേരളത്തിലെ റോഡപകടങ്ങള്‍ ആഭ്യന്തരയുദ്ധത്തിനേക്കാളും ഭീകരം; ഞെട്ടിപ്പിക്കുന്ന കണക്കുകളും, സുരക്ഷ നിര്‍ദ്ദേശങ്ങളും

road-accidents

അയ്യായിരത്തോളമാളുകള്‍ ഒരുവര്‍ഷം അതിദാരുണമായി കൊല്ലപ്പെടുന്നു. അന്‍പതിനായിരത്തോളം ആളുകള്‍ മരണത്തിന്റെ വക്കില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു ഗുരുതരമായ ശാരീരിക മുറിവുകളും ക്ഷതങ്ങളും ഏറ്റവരും അംഗവിച്ഛേദം വന്നവരുമായി ജീവിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പാടിലും ശാരീരിക വൈകല്യത്തിലും തളര്‍ച്ചയിലും മനംനൊന്തു വിഷാദരോഗികളും മാനസികരോഗികളുമായവരുടെ എണ്ണത്തിന് ഔദ്യോഗിക കണക്കുമില്ല.

അകാലത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും ഭാര്യയെ നഷ്ടപ്പെട്ട ഭര്‍ത്താവും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ മക്കളും സതീര്‍ഥ്യരെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവരുമായ ലക്ഷക്കണക്കിനാളുകള്‍. അവര്‍ മാനസികാരോഗ്യം ശോഷിച്ച്, ജീവിതത്തിന്റെ സന്തോഷം നശിച്ച്, സമൂഹത്തില്‍
സജീവമായി ഇഴുകിച്ചേരാന്‍ കഴിയാതെ ജീവിക്കുന്നു.

ഇതു വായിക്കുമ്പോള്‍ ഒരുപക്ഷേ വായനക്കാര്‍ ചോദിക്കും, അയ്യോ എവിടെയാണ് ഇത്രമാത്രം മനുഷ്യക്രൂരത അഴിഞ്ഞാടുന്ന യുദ്ധം നടക്കുന്നതെന്ന്. മലയാളികളേ, ഇതു മറ്റെവിടെയുമല്ല. ഇതു നമ്മുടെ റോഡുകളിലെ യുദ്ധസമാനമായ സ്ഥിതിയാണ്, സ്വന്തം ജനത്തെ കൊന്നൊടുക്കുന്ന ആഭ്യന്തരയുദ്ധമാണ്. കേരളത്തിലെ റോഡപകടങ്ങള്‍ ഉണ്ടാക്കുന്ന നാശദുരിതങ്ങള്‍ ഇറാക്കിലോ സിറിയയിലോ നടക്കുന്ന ആഭ്യന്തരയുദ്ധത്തിലേതിനു സമാനമാണ്. ഒരുപക്ഷേ അതിലും വലിയ നാശനഷ്ടമാണ് ഇവിടെയുള്ളത്. ബോംബ് പൊട്ടിയാല്‍ മാത്രം നഷ്ടക്കണക്കുകള്‍ കൂട്ടിക്കിഴിക്കുന്ന ജനങ്ങളും പോലീസും ഭരണകൂടവുമാണ് ഇവിടെയുള്ളത്. ഓരോ റോഡപകടവും ഓരോ ബോംബ് സ്‌ഫോടനമാണ്. അതു വരുത്തിവയ്ക്കുന്ന നാശം അതിനോടു സമാനമാണ്.

ഒരു പാക്കിസ്ഥാനി തീവ്രവാദി ഇന്ത്യയില്‍ ബോംബ് പൊട്ടിച്ചാല്‍ പോലീസും പട്ടാളവും െ്രെകംബ്രാഞ്ചും സിബിഐയും മന്ത്രിമാരുമെല്ലാംകൂടി അതിന്റെ കാര്യകാരണങ്ങള്‍ തലനാരിഴ കീറി പരിശോധിക്കാന്‍ കോടികളാണു വാരിയെറിയുന്നത്. എന്നാല്‍, അതിനേക്കാളേറെ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന റോഡപകടങ്ങള്‍ വളരെ ലാഘവത്തോടെ നിസാരമായാണു ജനങ്ങളും രാഷ്ട്രീയ ഭരണകൂടവും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്.

വികസിതരാജ്യങ്ങളിലാകട്ടെ മനുഷ്യജീവനും സ്വത്തിനും സാമൂഹ്യസുസ്ഥിതിക്കും നാശംവരുത്തുന്ന എന്ത് അക്രമവും അപകടവും ദുരന്തങ്ങളും ഒരേ പ്രാധാന്യത്തോടെ ഗൗരവമായാണു കൈകാര്യംചെയ്യുന്നത്. അതുപോലെ, കാരണമെന്തുമാകട്ടെ മാന്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ഹനിക്കുന്ന എന്തിനും അടിയന്തര പരിഹാരം കാണാനാണ് ഒരു ആധുനിക ക്ഷേമരാഷ്ട്ര ഭരണകൂടം അതിന്റെ എല്ലാ വിഭവശേഷികളും വിനിയോഗിക്കേണ്ടത്.

അതിനുപകരം കേരളത്തില്‍ നടക്കുന്നത് എന്താണ്? രാഷ്ട്രീയ ആശ്രിതരും സര്‍ക്കാര്‍ ഉദ്യോഗസ്ഥവര്‍ഗവും അധികാരം പങ്കിട്ട് ആസ്വദിക്കുകയാണ്. അധികാരം നല്‍കുന്ന സമ്പത്തും സ്വാധീനവും അംഗീകാരവും ആനുകൂല്യങ്ങളും കൈവച്ച് അനുഭവിക്കുക മാത്രമാണ് അവരുടെ താത്പര്യം. ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെങ്കില്‍ പൊതുജനം സ്വന്തം വഴി കണ്ടെത്തണം! പുത്തന്‍ അധികാരവര്‍ഗത്തെ പോറ്റുന്ന പണിയിലേര്‍പ്പെട്ടിരിക്കുന്ന ഭരണയന്ത്രത്തെ നമ്പാന്‍ പറ്റുകയില്ല.

ഇത്രവര്‍ഷം കഴിയുമ്പോള്‍ എത്രമാത്രം ജനപ്പെരുപ്പമുണ്ടാകും, വാഹനങ്ങളുടെ വര്‍ധനയുണ്ടാകും, അതുവഴി എന്തെല്ലാം ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളുമുണ്ടാകും എന്നു മുന്‍കൂട്ടി കാണാന്‍ കഴിയാത്ത വെറും വിഡ്ഢികളാണോ ഭരണയന്ത്രം തിരിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും? തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതമുള്ള എംസി റോഡില്‍ പഴയ സോഡാക്കുപ്പിയുടെ കഴുത്തുപോലെ ഇടുങ്ങിയ എത്രയെത്ര പാലങ്ങളും കവലകളുമാണുള്ളത്!

ഈ റോഡുകള്‍ക്ക് ഇരുവശവും ഉയര്‍ന്നിട്ടുള്ള കൊട്ടാരസദൃശമായ കെട്ടിടങ്ങളുടെ നിര്‍മാണച്ചെലവിന്റെ നൂറിലൊരംശം മതി ഈ റോഡുകളും പാലങ്ങളും നവീകരിക്കാന്‍! സ്വകാര്യസമ്പത്ത് കുന്നുകൂടി വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രളയം ഉണ്ടാകുന്നതിന് ആനുപാതികമായി അടിസ്ഥാനവികസനം ഉണ്ടാകാത്തത് അസന്തുലിത വികസനമാണ്. അതാണു റോഡപകടങ്ങള്‍ പോലുള്ള ദുരന്തങ്ങളിലേക്കു നയിക്കുന്നത്.

സന്തുലിതമായ വികസനത്തിന് ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും നേതൃത്വം കൊടുക്കേണ്ടതു രാഷ്ട്രീയ ഭരണകൂടങ്ങളാണ്. അവരാകട്ടെ താത്കാലികവിഷയങ്ങളില്‍ തട്ടിമുട്ടി തൊലിപ്പുറത്തുള്ള മിനുക്കുപണിയുമായി ഭരണം തള്ളിനീക്കുന്നു. അടിസ്ഥാനവികസനത്തിന് ഏറ്റെടുക്കേണ്ട സാമ്പത്തികവും നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവര്‍ തയാറാകുന്നില്ല.

റോഡപകടങ്ങളില്‍ അനേകായിരങ്ങള്‍ മരിക്കുന്നതും അനേകം കുടുംബങ്ങള്‍ തകരുന്നതുമൊന്നും അവര്‍ക്കൊരു പ്രശ്‌നമേയല്ല. അതൊക്കെ റീത്ത്‌വയ്ക്കല്‍ ചടങ്ങുകളിലൊതുക്കി അങ്ങു പരിഹരിക്കും! യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടുപിടിക്കുന്നതിനോ അതു നടപ്പാക്കുന്നതിനോ അവര്‍ക്കു കഴിയുന്നില്ല.

കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രതയാണു റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ക്കു തടസമെന്ന് എപ്പോഴും മുടന്തന്‍ന്യായം പറയാറുണ്ട്. എന്നാല്‍, കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയതും സ്ഥലപരിമിതിയുള്ളതുമായ എത്രയോ പട്ടണങ്ങള്‍ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്! അവയില്‍ ചിലതു ചൂണ്ടിക്കാണിക്കാം:

* ദീര്‍ഘദൂര വാഹനങ്ങള്‍ക്കു വേഗത്തില്‍ പോകാന്‍ ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലൂടെ ആധുനിക ഹൈവേകള്‍ ഉണ്ടാക്കി. അതുകൊണ്ടു ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലെ റോഡുകളും നാട്ടുവഴികളും സുരക്ഷിതമായ പ്രാദേശിക ഗതാഗതത്തിനു സുഗമമായി.
* നിലവിലുള്ള റോഡുകള്‍ വിദൂരഭാവിയെ മുന്നില്‍ക്കണ്ടു വീതി കൂട്ടി. അതിനെതിരായുള്ള എല്ലാ രാഷ്ട്രീയ നിയമതടസങ്ങളും അതിവേഗം നീക്കി.
* ഗതാഗതക്കുരുക്കുള്ള കവലകളിലും സ്ഥലങ്ങളിലുമെല്ലാം ഫ്‌ളൈഓവറുകളും ബൈപാസുകളും പണിതു.
* നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്കു കോട്ടംവരാതെ ടണലുകള്‍ പണിതു ഗതാഗതം തിരിച്ചുവിട്ടു.
* സ്വകാര്യവാഹനങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കാന്‍ പ്രാദേശിക റെയില്‍വേ, മെട്രോ തുടങ്ങിയ സുഖപ്രദമായ ആധുനിക ത്രാസൗകര്യങ്ങള്‍ ധാരാളം ഉണ്ടാക്കുകയും ഉള്ളതു വര്‍ധിപ്പിക്കുകയും ചെയ്തു.
* റെയില്‍വേ, ബസ്, മെട്രോ, എയര്‍പോര്‍ട്ട് എന്നിവയെല്ലാം ഒന്നിച്ചുവരുന്ന ഹബ്ബുകള്‍ ഉണ്ടാക്കി. അതുമൂലം ടാക്‌സിയെ അമിതമായി ആശ്രയിക്കാതെ എവിടെയും എത്താന്‍ കഴിയുന്നു.
* പ്രകാശം പ്രതിഫലിപ്പിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ പരസ്യങ്ങളും അലങ്കാരങ്ങളും പാതയോരങ്ങളില്‍ സ്ഥാപിക്കുന്നതു നിയമംകൊണ്ടു നിരോധിച്ചു.

* തിരക്കേറിയ സ്ഥലങ്ങളിലെല്ലാം കാല്‍നടക്കാര്‍ക്കു നടപ്പാതകളും റോഡ് മുറിച്ചുകടക്കാന്‍ മേല്‍പ്പാലങ്ങളും സബ്‌വേകളും നിര്‍മിച്ചു.
* ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആധുനികസംവിധാനങ്ങള്‍
ഉപയോഗിക്കുകയും നിയമം തെറ്റിക്കുന്നവര്‍ക്ക് അതിന്റെ ഗൗരവമനുസരിച്ചു പിഴയും ശിക്ഷയും നല്‍കുന്നത് ഉറപ്പാക്കുകയും ചെയ്തു.
* അശാസ്ത്രീയമായി പണിത റോഡുകളും അപകടം പതിയിരിക്കുന്ന വളവുകളും പുതുക്കിപ്പണിതു ഗതാഗതം സുഗമമാക്കി.
* വളരെ കൃത്യതയോടുകൂടിയ ട്രാഫിക് മുന്നറിയിപ്പ് ഫലകങ്ങള്‍ സ്ഥാപിക്കുകയും അതു കാലാകാലങ്ങളില്‍ നവീകരിക്കുകയും ചെയ്തു.

ഇങ്ങനെ ധാരാളം കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കി മാത്രമേ റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയൂ. ഇതിനാണ് ഇച്ഛാശക്തിയുള്ള, കാര്യപ്രാപ്തിയുള്ള, ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണകൂടം വേണമെന്നു മുമ്പു സൂചിപ്പിച്ചത്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകളാകട്ടെ നികുതിപ്പണം വിതരണം ചെയ്യുന്ന വെറും സോഷ്യല്‍ സര്‍വീസ് ഏജന്‍സിയായി അധഃപതിക്കുന്നു. സാമൂഹ്യസേവനം പോലുള്ള കാര്യങ്ങള്‍ ഏതു സ്വകാര്യവ്യക്തിക്കും സംഘടനകള്‍ക്കും ചെയ്യാം. എന്നാല്‍, റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മേല്‍പറഞ്ഞതുപോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു മാത്രമേ കഴിയൂ. അല്ലായിരുന്നെങ്കില്‍ കേരളത്തിലെ സാമൂഹ്യസേവന രംഗത്തു (വിദ്യാഭ്യാസം, ആരോഗ്യം, ചാരിറ്റി) സര്‍ക്കാര്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്ന സമുദായസംഘടനകള്‍ ഇക്കാര്യത്തിലും എന്തെങ്കിലും ചെയ്‌തേനേ.

കൊച്ചി മെട്രോയും എംസി റോഡിന്റെ ഇഴഞ്ഞുനീങ്ങുന്ന നവീകരണവും ചില പുതിയ മേല്‍പാലങ്ങളും ബൈപാസുകളും മലയോര റോഡുകളുടെ വീതികൂട്ടലുമൊക്കെ ആശാവഹംതന്നെ. പക്ഷേ ഇത് 20 വര്‍ഷം മുമ്പ് നടക്കേണ്ടിയിരുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ചെയ്യേണ്ടത് അടുത്ത 20 വര്‍ഷം മുന്നില്‍ക്കണ്ടുള്ള കാര്യങ്ങളായിരിക്കണം. ഇനിയെങ്കിലും പോയവര്‍ഷങ്ങള്‍ തിരിച്ചുപിടിച്ച് ഗതാഗതത്തിന്റെ കാര്യത്തിലുള്ള അടിസ്ഥാനവികസനം അതിവേഗമാക്കിയില്ലെങ്കില്‍ കേരളത്തിലെ റോഡുകള്‍ ശവപ്പറമ്പുകളായി മാറും. ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിച്ചുവീഴുന്ന യുദ്ധഭൂമിയായി മാറും.ഇതിന്റെ കാര്യഗൗരവം മലയാളിക്കു മനസിലായിട്ടുണ്ടോയെന്നു സംശയമാണ്. റോഡപകടങ്ങള്‍ മലയാളിക്കു ദൃശ്യവിരുന്നായി മാറുന്ന നിസംഗത ഭീതിപ്പെടുത്തുന്നതാണ്. കക്ഷിരാഷ്ട്രീയ കാലുവാരലും ചെളിവാരിയേറും സോളാറും ബാറുമൊക്കെ ആസ്വദിക്കുന്നതിന്റെ കൂട്ടത്തില്‍ മറ്റൊന്നുകൂടി മാത്രമായി മാറുകയാണു മലയാളിക്കു റോഡപകടങ്ങള്‍.

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന വലിയ സാമൂഹ്യദുരന്തം ആഭ്യന്തരയുദ്ധസമാനമാണെന്നു മനസിലാക്കാന്‍ മലയാളിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ ദുരന്തത്തിനിരയായ വ്യക്തികളും കുടുംബങ്ങളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചുവന്ന് ഒരു സംഘടിതശക്തിയായി മാറണം. വരുംതലമുറയെങ്കിലും ഈ ദുരന്തത്തില്‍നിന്നു കരകയറ്റാന്‍, ഭരണകൂടങ്ങളെ ചലിപ്പിക്കാന്‍ ഈ സംഘടിത ശക്തിക്കു കഴിയും.