പ്രകൃതിയെ പുല്‍കി ഒരു യാത്ര

ജയന്തി സിംഗ്

89340d15-d55d-4 കിംഗ് ആന്‍ഡ് ക്വീന്‍ ഓഫ് ട്രാവന്‍കൂര്‍ എന്ന പരിപാടിയില്‍ ഒരു മത്സരാര്‍ത്ഥിയായതിനെ തുടര്‍ന്ന് ലഭിച്ച ഒരു സെക്ഷന്‍ ആയിരുന്നു സോഷ്യല്‍ വെല്‍ഫയര്‍ റൌണ്ട്. അതിനെ തുടര്‍ന്നാണ് ബോണക്കാട് വനമേഖലയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം സ്ഥലങ്ങളില്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഭയം ഉള്ളില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും വെറും 55 കിലോമീറ്റര്‍ ദൂരം മാത്രമേ അവിടെ എത്തുവാന്‍ ഉള്ളു എന്നത് ആശ്ചര്യമായി തോന്നി. വര്‍ഷങ്ങളായി തിരുവനന്തപുരത്തു കഴിഞ്ഞിട്ടും ആദ്യമായാണ് ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങള്‍ ഉള്ളത് എന്ന് അറിയുന്നത് തന്നെ. അവിടെ എത്തിയപ്പോഴാണ് എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയത്. വളരെ സ്‌നേഹപൂര്‍വ്വമായ സമീപനമാണ് അവിടെനിന്നും ലഭിച്ചത്. പുരോഗമനപരമായ മാറ്റങ്ങള്‍ അവരിലും വന്നു കഴിഞ്ഞു.

IMG_8646മിക്ക ഇടങ്ങളിലും പുതിയ വീടുകളുടെ പണികള്‍ നടക്കുകയാണ്. പുതിയ തലമുറ പിന്തുടരുന്നത് ഈ കാലത്തിനെ തന്നെയാണ്. പഴയ തലമുറയില്‍ പെട്ടവര്‍ക്ക് പ്രിയം ഇപ്പോഴും തങ്ങളുടെ പഴയ കാലം തന്നെയാണ് എന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചു. ഏറ്റവും ആകര്‍ഷണം അവിടുത്തെ പ്രകൃതി തന്നെയാണ് കൊടും വേനലിലും വറ്റാത്ത പുഴയും എപ്പോഴും കാതുകളില്‍ കേള്‍ക്കുന്ന കിളികളുടെ ശബ്ദവും എല്ലാംകൊണ്ടും പുതിയ ലോകം കാണുകയാണ് എന്ന് തോന്നിപ്പോയി. മിക്ക വീടുകളിലെയും കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നുണ്ട്. അവരുടെ ഊരുകളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തുവാന്‍ കഴിയു. ബസ്സ് സര്‍വീസ് നിലവില്‍ ഉണ്ടെങ്കിലും എപ്പോഴും ഇല്ലാത്തതു ഒരു ബുദ്ധിമുട്ടായി അവിടത്തെ അമ്മമാര്‍ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യവും കുറവാണ് എന്നതും. ആര്‍ക്കെങ്കിലും വയ്യതായാല്‍ പ്രാഥമിക ചികിത്സ ലഭിക്കണം എങ്കില്‍ ഏറെ ദൂരം യാത്രചെയ്യേണ്ടി വരണം എന്നും അവര്‍ പറയുന്നു. അതുപോലെതന്നെ പത്താം തരം കഴിഞ്ഞാല്‍ കുട്ടികളെ പഠിക്കുവാന്‍ വിടണോ വേണ്ടയോ എന്ന ആശങ്കയിലാണ് മിക്ക മാതാപിതാക്കളും. സ്‌കൂളുകളില്‍ ചിലവാക്കേണ്ടിവരുന്ന പണം കണ്ടെത്തുക ഇപ്പോഴും പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കൂടാതെ അംഗവൈകല്യം ബാധിച്ച 13 വയസുള്ള ആദര്‍ശ് എന്ന കുട്ടി മനസ്സില്‍ ഒരു നൊമ്പരമായി മാറി.

IMG_8731ffഊരിനുള്ളില്‍ ആയതുകൊണ്ട് അവനെ പോലുള്ള മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന ചികിത്സകള്‍ എല്ലാം അവനു നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ഇത്തരത്തില്‍ ഉള്ള കുട്ടികള്‍ക്ക് നഗരത്തില്‍ ധാരാളം സ്‌കൂളുകള്‍ ഉണ്ടെങ്കിലും യാത്രാ സൌകര്യവും ദൂരവും കാരണം തന്റെ വീട്ടില്‍ത്തന്നെ കഴിയുവാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ആദര്‍ശ്. കുറച്ചു സമയം കൂടി അവരോടൊപ്പം ചിലവഴിക്കണം എന്നുണ്ടായിരുന്നു എങ്കിലും സമയം താമസിച്ചത് കാരണം ഊരിന്റെ ഉള്ളിലേയ്ക്ക് അധികം പോകുവാന്‍ സാധിച്ചില്ല. അതുമല്ല നേരം ഇരുട്ടിയാല്‍ വന്യജീവികളുടെ ശല്യം കാണുമെന്ന് അവിടങ്ങളില്‍ ഉള്ളവര്‍ തന്നെ പറയുന്നു. എന്നാല്‍ കുറച്ചു നേരം കൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാന്‍ കുറച്ചു സുന്ദര നിമിഷങ്ങള്‍ ആ യാത്ര സമ്മാനിച്ചു.

പ്രകൃതിയെ അറിഞ്ഞു, ആദിമ മനുഷ്യന്റെ അടയാളങ്ങള്‍ പേറി ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വിഭാഗത്തിന്റെ കൂടെ ജീവിതത്തില്‍ ആദ്യമായി, കുറച്ചു നേരം.കട്ടരവിയുടെ അലകളെ പുല്‍കി, കളങ്കമില്ലാത്ത പച്ചയായ പ്രകൃതിയുടെ വിരിമാറിലൂടെ സ്വപ്നം പോലെ ഒരു യാത്ര,,, അവിടെ നിന്നും തിരിച്ചു പോകുന്ന സമയം ഒരിക്കല്‍ കൂടി അവിടെ വരണം എന്ന് മനസുകൊണ്ട് ആഗ്രഹിച്ചു പോയി. കാരണം പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും കാണുവാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് അവിടം.