കണ്‍സേര്‍ട്ടുകളായി മാറുന്ന പുത്തന്‍ ആത്മീയത

കണ്‍സേര്‍ട്ടുകളായി മൊഴിമാറ്റം ചെയ്യപ്പെട്ട ആധുനിക ആത്മീയത. ഇളക്കങ്ങളും, ബഹളങ്ങളും മറിച്ചിടലുകളും എല്ലാം ചേര്‍ന്നത്. മാസ്മരികതയുടെ ലഹരി കെട്ടടങ്ങുമ്പോള്‍ പാവം വിശ്വാസി എന്തിനോ വേണ്ടി പരക്കംപായുന്നു. അനുദിനം മാറിമറിയുന്ന അത്യാധുനിക ലൈഫ്സ്റൈലിന്റെ പുത്തന്‍ പ്രവണതകള്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണു ഇത്തരത്തിലുള്ള തിന്മയുടെ ശക്തികള്‍ പടര്‍ന്ന് പന്തലിക്കുന്നത്.

ആരാധാസങ്കേതങ്ങള്‍ സ്ഥാപിച്ച് അതിലേക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തനങ്ങളേക്കാള്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കൗശലപൂര്‍വം ഉപയോഗിച്ച് ആശയപ്രചാരണം നടത്തുന്നതിനാണ് ഇത്തരം സംഘടിത സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കടുത്ത ദൈവവിശ്വാസികളെന്നു അഭിമാനിക്കപ്പെടുന്നവര്‍ക്കുപോലും ഇത്തരം തന്ത്രങ്ങളെ മസിലാക്കുവാനൊ, ഒഴിവാക്കുവാനൊ സാധിക്കാതെ വരുന്നു. സ്വാര്‍ഥതയെയും, ജഡികാഭിലാഷങ്ങളെയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണമാണ് ഇത്തരം സംഘടനകള്‍ അനുയായികള്‍ക്കും സമൂഹത്തിനും നല്കുന്ന സന്ദേശം.

ആശ്രമം, മഠം, ഗുരു, വെളിപാട്, സിദ്ധി, ദിവ്യദൃഷ്ടി, ആത്മീയാനുഭൂതി, മായ, ചാരിറ്റി, രോഗസൗഖ്യം, അത്ഭുതപ്രവര്‍ത്തനങ്ങള്‍, മാനസാന്തരം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം നേടാന്‍ പോകുന്നു എന്ന മട്ടില്‍ ജനം തെറ്റിദ്ധരിക്കപ്പെടുന്നു. മതരാഷ്ട്രീയ ശക്തികളുടെ പിന്‍ബലം കൂടി ഉണ്ടാകുമ്പോള്‍, വിമര്‍ശിക്കാന്‍ പോലും ആവാത്തവിധത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കും. കപടആത്മീയതയുടെ വക്താക്കളായി ചിലരെങ്കിലും അവര്‍ക്ക് കുടപിടിക്കുവാന്‍ ബാദ്ധ്യസ്ഥരാകും. ഇവിടെ ആത്മീയവാണിഭം നടത്തുന്ന വെള്ളതേച്ച ശവക്കല്ലറകളായി മതപ്രസ്ഥാനങ്ങള്‍ മാറുന്നു.

എന്ത് തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താവുന്ന രീതിയിലാണ് ആധുനിക മതപ്രസ്ഥാനങ്ങള്‍. കൊലപാതകങ്ങളും പീഡനങ്ങളും ബലാത്സംഗങ്ങളും അവിടെ തുടര്‍ക്കഥകളാകുന്നു. ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാന്‍വേണ്ടി സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ ചെയ്യിപ്പിച്ച് ആധുനിക കാലഘട്ടത്തിലെ ആള്‍ദൈവങ്ങള്‍ തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രം നന്നായി വിറ്റഴിക്കുന്നു. ആത്മീയതയുടെ മറവില്‍ എന്ത് കച്ചവടവും നടത്താം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. കലിയുഗത്തിന്റെ സന്തതികളായ ആള്‍ ദൈവങ്ങളുടെ പുറകില്‍ നടന്നാല്‍ ആത്മീയജ്ഞാനമോ മോക്ഷമോ ലഭിക്കില്ല എന്നുറപ്പ്.

ടോണി ജോര്‍ജ് ചിറ്റിലപ്പിള്ളി