അമൂല്യനേട്ടമായി ജീവിതത്തില്‍ കരുതേണ്ടത് ധന സമ്പാദനമോ
പി പി ചെറിയാന്‍
ധനം സമ്പാദിക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാകുന്നതിനു എന്ത് കുല്‍സിത മാര്‍ഗവും സ്വീകരിക്കുവാന്‍ മനുഷ്യന്‍ തയാറാകുന്ന വിചിത്രമായ ഒരു കാല ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സമ്പത്തു ദൈവീക ദാനമാണെന്നു തിരിച്ചറിഞ്ഞു സഹോദരന്റെ ആവശ്യങ്ങളില്‍ അവനു കൈതാങ്ങള്‍ നല്‍കുന്നതിനു വിമുഖത കാണിക്കുകയും, എത്രയൊക്കെ സമ്പത്തു നാം സ്വരൂപിച്ചാലും മരണം നമ്മെ മാടിവിളിക്കുമ്പോള്‍ അതെല്ലാം നാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടവരാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപെടുകയും ചെയ്തിരിക്കുന്ന ബഹുഭൂരിപക്ഷ സമൂഹമാണ് നമുക്കു ചുറ്റും കാണപ്പെടുന്നത്.
എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന, ആരോ എവിടേയോ പറഞ്ഞു കേട്ട ഒരു സംഭവകഥ, അതിങ്ങനെയാണ്.
ഒരിക്കല്‍ സ്‌കോട്ട്‌ലാന്‍ഡിലെ സഭയിലെ ഒരു അംഗത്തിന് പെട്ടന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഘീകരിക്കാനാകാതെ നിരാശനായി കഴിയുമ്പോള്‍ അതില്‍ നിന്നും എങ്ങനെ മോചനം ലഭികാനാകുമെന്ന് ചിന്തിച്ചു ആ സഭയിലെ പാസ്റ്റര്‍ ആയിരുന്ന ജോണ്‍ വാട്‌സനെ സന്ദര്‍ശികുവാന്‍ തീരുമാനിച്ചു. തനിക്കുണ്ടായ ഭീമമായ സാംമ്പത്തിക നഷ്ടം മൂലം ആകപ്പാടെ തകര്‍ന്നു പോയിരുന്ന ആ മനുഷ്യന്‍ പാസ്റ്ററെ കണ്ട മാത്രയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു ‘എല്ലാം പോയി പാസ്റ്റര്‍ എല്ലാം പോയി’ —എന്ത് സംഭവിച്ചു സഹോദരാ ഒട്ടും മടിക്കാതെ പാസ്റ്റര്‍ ചോദിച്ചു ‘നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യ മരിച്ചുപോയി എന്നറിയുന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ട്’ ആ മനുഷ്യന്‍ ഒന്ന് ഞെട്ടി. പാസ്റ്ററുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു ‘എന്റെ ഭാര്യയോ? അത് കേള്‍ക്കാത്ത ഭാവത്തില്‍ പാസ്റ്റര്‍ തുടര്‍ന്നു- നിങ്ങളുടെ എല്ലാ സ്വഭാവഗുണങ്ങളും കൈവിട്ടു പോയതില്‍ ഞാന്‍ അതിലും കൂടുതലായി ദുഃഖിക്കുന്നു. അങ്ങനെ ആ മനുഷ്യന്‍ വില കൊടുക്കുന്ന കാര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വാട്‌സണ്‍ അക്കമിട്ട് പറയാന്‍ തുടങ്ങി. അവസാനം ആ പ്രസ്താവനകള്‍ എല്ലാം നിഷേധിച്ചുകൊണ്ട് പാസ്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തനിക്ക് നഷ്ടമായിട്ടില്ല എന്ന് പറയാന്‍ ഒടുവില്‍ അയാള്‍ നിര്‍ബന്ധിതനായി.
അയ്യോ അങ്ങനെയല്ലല്ലോ ഞാന്‍ വിചാരിച്ചത് പാസ്റ്റര്‍ പറഞ്ഞു. നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമായി എന്നല്ലേ നിങ്ങള്‍ വിലപിച്ചതും ഞാന്‍ മനസ്സിലാക്കിയതും. അതിനുശേഷം പാസ്റ്റര്‍ ശാന്തനായി സ്നേഹനിര്‍ഭരമായ ശാസന സ്വരത്തില്‍ ആ മനുഷ്യനോട് ഇപ്രകാരം പറഞ്ഞു ‘സഹോദരാ യഥാര്‍ത്ഥത്തില്‍ വിലയുള്ള യാതൊന്നും തന്നെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നോര്‍ക്കുക’.നിങ്ങള്‍ക് നഷ്ടപെട്ടത് പണം മാത്രമാണല്ലോ?
പണത്തെപോലെ ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന, ഇത്രയധികം പേരുകളില്‍ അറിയപ്പെടുന്ന വേറൊരു സാധനവും ഭൂമിയില്‍ ഇല്ല എന്നതാണ് സത്യം..!
ഹേ പണമേ…നിനക്ക് എത്ര പേരുകളുണ്ടെന്നു ചോദിച്ചാല്‍ മറുപടിയായി നമുക്കു ലഭിക്കുന്നത് ഇപ്രകാരമായിരിക്കും. ദേവാലയങ്ങളില്‍ അര്‍പ്പിച്ചാല്‍ അത് ‘കാണിക്ക’ അല്ലെങ്കില്‍ ‘നേര്‍ച്ച’.സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത് ‘ഫീസ് ‘.വിവാഹത്തില്‍ നല്‍കുന്നത് സ്ത്രീധനം.വിവാഹമോചനത്തില്‍ ‘ജീവനാംശം’.അപകടത്തില്‍ മരണപ്പെട്ടാലൊ ,വൈകല്യം സംഭവിച്ചാലൊ കിട്ടുന്നതു ‘നഷ്ടപരിഹാരം’.ദരിദ്രന് കൊടുത്താല്‍ അത് ‘ഭിക്ഷ ‘ .തിരിച്ചു തരണമെന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും കൊടുത്താലത് ‘കടം’.പാര്‍ട്ടിക്കാര്‍ക്ക് മനസ്സില്‍ പ്രാകിക്കൊണ്ട് കൊടുക്കുന്നത് ‘പിരിവ്’. അനാഥാലയങ്ങള്‍ക്ക് കൊടുത്താലത് ‘സംഭാവന ‘. കോടതിയില്‍ അടയ്ക്കുന്നത്’ പിഴ .. സര്‍ക്കാര്‍ നമ്മില്‍ നിന്നും വസൂലാക്കുന്നതു ‘നികുതി’. ജോലി ചെയ്താല്‍ മാസത്തില്‍ കിട്ടുന്നതു ‘ശമ്പളം’. വേല ചെയ്താല്‍ ദിവസവും ലഭിക്കുന്നത് ‘കൂലി ‘. വിരമിച്ച ശേഷം കിട്ടുന്നത് ‘പെന്‍ഷന്‍ ‘.,തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് നല്‍കുന്നത് ‘മോചനദ്രവ്യം’.ഹോട്ടല്‍ ജോലിയില്‍ നിന്ന് കിട്ടുന്നത് ‘ടിപ്പ് ‘. ബാങ്കില്‍ നിന്ന് കടം വാങ്ങുമ്പോള്‍ അത് വായ്പ’.തൊഴിലാളികള്‍ക്ക് കൊടുക്കുമ്പോള്‍ അത് ‘വേതനം’.നിയമവിരുദ്ധമായി വാങ്ങിയാല്‍ അത് ‘കൈക്കൂലി’. ആചാര്യര്‍ക്ക് വെറ്റിലയടക്കയില്‍ വെച്ച് കൊടുത്താല്‍ അത് ദക്ഷിണ ഇനി ആര്‍ക്കെങ്കിലും സന്തോഷത്തോടെ ദാനം ചെയ്താല്‍ അത് നമ്മുടെ ‘ഔദാര്യം’. ഇത്രയധികം പേരുകളില്‍… ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു വസ്തുവും ഭൂമിയില്‍ ഇല്ല എന്നതാണ് സത്യം!ഇതു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പണ സംമ്പാദനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടില്‍ സമൂല പരിവര്‍ത്തനം ഉണ്ടാകുമെന്നതില്‍ സംശയമില്ല .
ആരോ വളരെ ബുദ്ധിപൂര്‍വ്വം ഇപ്രകാരം പറഞ്ഞതായി കേട്ടിട്ടുണ്ട് പണംകൊണ്ട് കിടക്ക വാങ്ങാം.പക്ഷേ ഉറക്കം വാങ്ങാന്‍ സാധ്യമല്ല. പുസ്തകങ്ങള്‍ സമ്പാദിക്കാം, എന്നാല്‍ ബുദ്ധി നേടാനാകില്ല. പണം കൊടുത്താല്‍ ഭക്ഷണം ലഭിക്കുമെങ്കിലും വിശപ്പ് ഉണ്ടാകില്ല. വീട് വാങ്ങാം, എന്നാല്‍ ഒരു ഭവനം ഉണ്ടാക്കാന്‍ സാധ്യമല്ല. മരുന്നു വാങ്ങാം, പക്ഷെ ആരോഗ്യം ലഭിക്കുകയില്ല. പാപത്തിന്റെ ഉല്ലാസങ്ങള്‍ എല്ലാം സ്വായത്തമാക്കാം, എന്നാല്‍ രക്ഷയുടെ സമാധാനം ലഭ്യമല്ല. മനുഷ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ വിലയുള്ള കാര്യങ്ങളൊന്നും തന്നെ പണം കൊടുത്ത് വാങ്ങാന്‍ സാധ്യമല്ല എല്ലാം ദൈവത്തിന്റെ വര ദാനങ്ങളാണ്. .അടുത്തകാലത്തെങ്ങാനും നിങ്ങള്‍ക്കു എന്തെങ്കിലും സാമ്പത്തിക നഷ്ടം നേരിട്ടിട്ടുണ്ടോ, അതിനു പ്രാധാന്യം നല്‍കുന്നതിന് പകരം നിങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുകയും അതിനേക്കാള്‍ ഉപരിയായി നിങ്ങള്‍ക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം അമൂല്യനേട്ടമായി പരിഗണിക്കുകയും ചെയ്യുക.
നാം യഥാര്‍ത്ഥത്തില്‍ സമ്പന്നനാണോ എന്നറിയണമെങ്കില്‍ പണം കൊടുത്തു വാങ്ങാന്‍ കഴിയാത്തതു എന്തെല്ലാം നമ്മള്‍ക്കുണ്ട് എന്ന് തിട്ടപ്പെടുത്തുക.