വിദ്യാഭ്യാസ ലോണിന്റെ പേരില്‍ ജപ്തിയുമായി വരുന്ന ഉദ്യോഗസ്ഥരുടെ കാല് തല്ലിയൊടിക്കണം എന്ന് പി സി ജോര്‍ജ്ജ്

തിരുവനന്തപുരം : വിദ്യാഭ്യാസ ലോണ്‍ എടുത്തതിന്റെ പേരില്‍ വീടും , കുടുംബവും , ജീവനും നഷ്ടമായവര്‍ക്കു വേണ്ടിയുള്ള  സമരവുമായി  പൂഞ്ഞാര്‍ എം എല്‍ എ  പി സി ജോര്‍ജ്ജ് രംഗത്ത്. വിജയ്മല്യയെ പോലുള്ള കോടീശ്വരന്‍മാര്‍ കോടികള്‍ കടം വാങ്ങിയിട്ട് രാജ്യത്തെ പറ്റിച്ച് നാട്വിടുമ്പോള്‍ പാവപ്പെട്ടവന്റെ ലോണ്‍ പിടികൂടുവാനാണ് ബാങ്കുകള്‍ക്ക് താല്പര്യം എന്നും.ഇതിനായി ഉദ്യോഗസ്ഥര്‍ കൊട്ടേഷന്‍ സംഘങ്ങളുമായി നടക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.  ഇനി പാവപ്പെട്ടവരെ ഇത്തരത്തില്‍ ബാങ്കുകള്‍ ദ്രോഹിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല എന്നും പി സി സൂചിപ്പിച്ചു.  വിദ്യാഭ്യാസലോണ്‍ എടുത്തവരുടെ കൂട്ടായ്മയായ എഡ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആര്‍ ബി ഐ ബാങ്കിന് മുന്‍പില്‍ നടന്ന ഉപരോധസമരം ഉദ്ഘാടനചെയ്തു സംസാരിച്ച സമയമാണ് പി സി ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ പൊട്ടിത്തെറിച്ചത്. രാഷ്ട്രീയ , മത, സംഘടനകളുടെ പിന്തുണയില്ലാത്ത ഈ സമരപരിപാടിയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരില്‍ ജീവിതം വഴിമുട്ടിയവരായിരുന്നു. അതുകൊണ്ടുതന്നെ സമരരംഗത്ത് അവർക്ക് ആക്രോശങ്ങളില്ല, വലിയ ആരവങ്ങളില്ല.കഴിഞ്ഞ ദിവസം തൊടുപുഴയിൽ വെറും നാല് വയസുള്ള കുഞ്ഞടക്കം ഒരുകുടുംബത്തെ ജപ്തി ചെയ്ത് തെരുവിലേക്ക് വലിച്ചിറക്കപ്പെട്ടത് പോലെ തങ്ങളും തെരുവിലേക്കിറങ്ങേണ്ടി വരുമോ എന്ന ഭീതിയും, ധൈന്യതയുമായിരുന്നു  അവരുടെ കണ്ണുകളിൽ.  എന്നാല്‍ ഒറ്റയാളും ഇനി കുടിശിക അടയ്ക്കണ്ടാ എന്നാണു പി സി പറയുന്നത്. വിഷയത്തില്‍ പരിഹാരം കണ്ടില്ല എങ്കില്‍ തമിഴ് നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് സമരത്തിനെക്കാള്‍ രൂക്ഷമായ സമരമാകും കേരളത്തില്‍ അരങ്ങേറുക എന്ന് പി സി പറയുന്നു.