തിയറ്ററുകാരുടെ പുതിയ സംഘടന ; ദിലീപും ആന്റണി പെരുമ്പാവൂരും നയിക്കും
സിനിമാ തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരം കേരളത്തിന് സമ്മാനിച്ചത് ഒരു പുതിയ സംഘടനയെ സിനിമാ നടന്‍ കൂടിയായ ദിലീപിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിച്ച തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവിൽ വന്നു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്. ദിലീപാണ് പ്രസിഡന്റ്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്‍റുമാണ്. ബോബിയാണ് ജനറല്‍ സെക്രട്ടറി. മറ്റുഭാരവാഹികൾ: കെ.ഇ.ഇജാസ്, ജി.ജോർജ് (വൈ.പ്രസി), സുമേഷ്, തങ്കരാജ്, അരുൺ ഘോഷ് (ജോ.സെക്ര), സുരേഷ് ഷേണായ് (ട്രഷ). മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആശിര്‍വാദം പുതിയ സംഘടനക്കുണ്ടെന്ന് ദിലീപ് പറഞ്ഞു. സിനിമ നില്‍ക്കാന്‍ പാടില്ല. അത് ചലിച്ചുകൊണ്ടേയിരിക്കണമെന്നും ദിലീപ് പറഞ്ഞു. 168 തിയറ്റർ ഉടമകളാണ് പുതിയ സംഘടനയായ എഫ്.ഇ.യു.ഒ.കെയിൽ ചേർന്നത്. പല തിയേറ്ററുകളിലും ഒന്നിലേറെ സ്ക്രീനുകളുള്ളതിനാൽ ഇത്രയും തിയറ്ററുകളിലായി മുന്നൂറോളം സ്ക്രീനുകളുണ്ടാകും.തിയറ്റര്‍ സമരമില്ലാത്ത ദിനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു എന്ന വാഗ്ദാനവുമായാണ് പുതിയ സംഘടനയുടെ പിറവി. എന്തിനും ഏതിനും പ്രേക്ഷകരേയും സിനിമയേയും പ്രതിസന്ധിയിലാക്കി തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുകയായിരുന്നു ഫെഡറേഷന്റെ രീതി. എന്നാല്‍ പുതിയ സംഘടന നിലവില്‍ വന്നതോടെ ഇനി തിയറ്റര്‍ അടച്ചിട്ടുള്ള സമരം ഉണ്ടാകില്ലെന്ന് എഫ്ഇയുഒകെ പ്രസിഡന്റ് ദിലീപ് വ്യക്തമാക്കി. പുതിയ സിനിമകളുടെ റിലീസ് ഇനി പുതിയ സംഘടന തീരുമാനിക്കുമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍ ഏതെങ്കിലും തിയറ്ററുകളോട് നിഷേധാത്മക സമീപനം പുതിയ സംഘടന സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.