ലിബര്‍ട്ടി ബഷീറിന്‍റെ സിനിമാ സംഘടന പൊളിഞ്ഞു പാളീസായി ; അംഗങ്ങള്‍ എല്ലാം ദിലീപിന്‍റെ പിന്നാലെ
കൊച്ചി : പിടിവാശി കാണിച്ച് തിയറ്റര്‍ അടച്ചിട്ട് സമരം നടത്തിയവര്‍ക്ക് അവസാനം സംഘടന തന്നെ ഇല്ലാതാകുന്നു. വിഹിതം കൂട്ടണം എന്ന പേരില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം പുതിയ ഒരു സംഘടനയ്ക്കാണ് കേരളത്തില്‍ രൂപം നല്‍കിയത്. അതിനു അമരക്കാരന്‍ ആയത് നടന്‍ ദിലീപും .ദിലീപ് നയിക്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പങ്കാളിത്തവും ഉണ്ട്.ഇനി ഒരിക്കലും കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കില്ല എന്ന വാക്ക് നല്‍കിയാണ് പുതിയ സംഘടന നിലവില്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ വെച്ച് നോക്കുകയാണ് എങ്കില്‍ ബഷീറിന്റെ സംഘടനയില്‍ നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോയി കൊണ്ടിരിക്കുകയാണ്. സിനിമാ സമരത്തിന് പിന്നാലെ വിളിച്ചുചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് 50ല്‍ താഴെ പേര്‍ മാത്രം. ദിലീപ് നയിക്കുന്ന സംഘടനയുടെ ഭാഗമായാല്‍ മാത്രമേ പ്രധാന റിലീസുകള്‍ ലഭിക്കൂ എന്നതും, സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തിയറ്റര്‍ മേഖലയിലെ പ്രബല സംഘടനയായി എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ പരിഗണിക്കപ്പെടും എന്നതും കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ ഏഴ് ഫെഡറേഷന്‍ ഭാരവാഹികളുടെ 25 തിയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ലിബര്‍ട്ടി ബഷീര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.