കേരളത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന അനാഥരുടെ എണ്ണം കൂടി വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികളുടെ എണ്ണം 245 . ജന്മം നല്‍കിയവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടവരാണിവര്‍ എല്ലാം . അവിഹിത ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളാണ് ഇത്തരത്തില്‍ കൂടുതലും. അതുപോലെ മാതാപിതാക്കള്‍ക്ക് വളര്‍ത്താന്‍ പ്രാപ്തിയില്ല എന്ന കാരണത്താല്‍ ശിശുക്ഷേമസമിതിക്ക് കൈമാറുന്ന കുഞ്ഞുങ്ങളും ഇതിലുണ്ട്. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി(സാറ)യുടെ കണക്കുകള്‍ പ്രകാരം 2015 ഏപ്രില്‍ ഒന്ന് മുതല്‍ 2017 ജനുവരി 31 വരെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 54 ആണ്. വളര്‍ത്താന്‍ കഴിയില്ലെന്ന് കാണിച്ച് കൈമാറിയ 191 ന്നു പേര്‍ വരും. ജില്ല ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ കണ്ടത്തൊനാകാതിരിക്കുകയോ, അവര്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയാണ് രീതി. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളാണുള്ളത്. കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളത്ത് രണ്ട് വര്‍ഷത്തിനിടെ 14 കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും 71 കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ കൈമാറുകയും ചെയ്തു. തൃശൂരില്‍ ഉപേക്ഷിക്കപ്പെട്ട ഒമ്പത് കുഞ്ഞുങ്ങളും രക്ഷിതാക്കള്‍ കൈമാറിയ 13 കുഞ്ഞുങ്ങളും ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെി. കോട്ടയത്ത് യഥാക്രമം എട്ട്, 19 എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒറ്റകുട്ടികളും എത്തിയിട്ടില്ല എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16 ല്‍ കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ 70 പെണ്‍കുട്ടികളെയും 63 ആണ്‍കുട്ടികളെയുമടക്കം133 കുട്ടികളെ ദത്തെടുത്തു. രണ്ട് ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 15 കുട്ടികളെ വിദേശികള്‍ ദത്തെടുത്തിട്ടുണ്ട്. 652 രക്ഷിതാക്കള്‍ കുട്ടികളെ ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. ദൂരെ എവിടെയോയുള്ള അച്ഛനമ്മമാരെ കാത്ത് നിരവധി കുട്ടികളും കാത്തിരിപ്പാണ്. അതേസമയം ദത്തെടുക്കലിലെ കടുത്ത വ്യവസ്ഥകള്‍ കാരണം ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നവര്‍ പോലും പിന്മാറുകയാണ് പതിവ്.