പാവപ്പെട്ടവന്‍റെ ജീവന്‍ വെച്ച് കളിച്ച് കേരളാ സര്‍ക്കാര്‍ ; സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം : പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവന്‍ വെച്ച് കളിച്ച് കേരളസര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ചികിത്സാ പദ്ധതികളായ കാരുണ്യ, സുകൃതം എന്നിവയടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതോടെയാണ് പദ്ധതികള്‍ നിര്‍ത്താലാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പന്‍ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ വഴി സൗജന്യ ചികിത്സ നല്‍കിയ ഇനത്തില്‍ കോടികളുടെ കടബാധ്യത ഉണ്ടായതോടെയാണ് ഈ നീക്കം. കാരുണ്യ ചികിത്സാ പദ്ധതിയ്‌ക്കായി ബജറ്റ് വിഹിതമായി ഇതുവരെ കിട്ടിയത് 925 കോടി രൂപ. ഇതില്‍ ബാക്കിയിരിപ്പുള്ളത് വെറും 14 കോടി രൂപ മാത്രമാണ്. പദ്ധതി അനുസരിച്ച് ചികില്‍സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 192.33 കോടി രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 662.32 കോടി രൂപയുമടക്കം 854.65 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുമുണ്ട്. സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയായ സുകൃതത്തിന്റെ കുടിശിക 18 കോടി കവിഞ്ഞു. കുടിശിക എങ്ങനെ തീര്‍ക്കുമെത്തതില്‍ വ്യക്തത വരുത്തിയിട്ടുമില്ല. എന്നാല്‍ അ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.