ശ്രദ്ധേയമായി കൈരളി നികേതന്‍ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. സ്‌കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ എം.സി.സി വിയന്നയുടെ ചാപ്ലിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.
വിശിഷ്ട അതിഥിയായിരുന്ന വിയന്ന അതിരൂപതയുടെ സഹായമെത്രാന്‍ അഭി. ഫ്രാന്‍സിസ് ഷാറ്ല്‍ ക്രിസ്മസ് സന്ദേശം നല്‍കി. കത്തോലിക്ക യുണിവേഴ്‌സിറ്റി ചാപ്ലൈന്‍ ഫാ. മാര്‍ട്ടിന്‍ മായര്‍ഹോഫര്‍, ആര്‍ഗെ ആഗില്‍ നിന്നുള്ള അലക്‌സാണ്ടര്‍ ക്രാല്‍ജിക്ക്, എം.സി.സിയുടെ ജനറല്‍ കണ്‍വീനര്‍ ബോബന്‍ കളപുരക്കല്‍ എന്നിവരും കുട്ടികളോട് സംസാരിച്ചു.
സ്‌കൂള്‍ അദ്ധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളുടെ കരോള്‍ ഗാനവും നൃത്തനൃത്യങ്ങളും വേദിയെ ആവേശമുഖരിതമാക്കി. സോഫിയ & സാന്ദ്ര കുന്നേക്കാടന്‍ കുട്ടികള്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഏറെ ഹൃദ്യമായി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.
സ്‌കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കുട്ടികളുടെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ലഘുഭക്ഷണത്തോടെയാണ് ആഘോഷത്തിന് തിരശീല വീണത്. സ്‌കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി അറിയിച്ചു.