പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരി അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനവികാരം ശക്തമാകുന്നു. ജനരോഷത്തിന് പുറമെ മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ്, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് നാക്ക് മുറിച്ചു മാറ്റിയ നിലയിലായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പതിമൂന്നുകാരിയുടെ പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

‘ലഖിംപുര്‍ ഖേരിയിലെ പകരിയ ഗ്രാമത്തില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടു.. അത്യധികം ദുഃഖകരവും നാണക്കേടും ഉണ്ടാക്കുന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമാജ്വാദി സര്‍ക്കാരും നിലവിലെ ബിജെപി സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം? കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നാണ് ബഹുജന്‍ സമാജ് വാദി ആവശ്യപ്പെടുന്നത്’ പാര്‍ട്ടി അധ്യക്ഷ മായാവതി ട്വീറ്റ് ചെയ്തു.

ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നായിരുന്നു ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സംഭവത്തില്‍ പ്രതികരിച്ചത്. ‘ പ്രായപൂര്‍ത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടു.. ഇത് ജംഗിള്‍ രാജ് അല്ലെങ്കില്‍ പിന്നെയെന്താണ്? നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, നമ്മുടെ ഭവനങ്ങള്‍ സുരക്ഷിതമല്ല.. എല്ലായിടത്തും ഭയം നിറഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്’ യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ആസാദ് ട്വീറ്റിലൂടെ പ്രതികരിച്ചു.

സമാജ് വാദി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രൂക്ഷമായ ഭാഷയിലാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘കൗമാരക്കാരിയായ പെണ്‍കുട്ടിയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.. ബിജെപി ഭരണകാലത്ത് യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.. എന്തുകൊണ്ടാണ് തട്ടിക്കൊണ്ടു പോകല്‍, കൊലപാതകങ്ങള്‍, പീഡനം, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ബിജെപി സര്‍ക്കാര്‍ ഇത്രയും സങ്കീര്‍ണമാകുന്നത്? ബിജെപി ഇനി വേണ്ട എന്ന് വ്യക്തമാക്കി അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.