വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം ചേലേമ്പ്ര ദേശീയപാതയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ ടി സലാഹുദ്ദീന്‍ (25,) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് ബുള്ളറ്റ് മറിഞ്ഞു മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. പത്ത് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീന്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരിക്കേറ്റ ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.