സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 2ന്

സൂറിച്ച്: മലയാളി സംഘടനകളുടെ ഈറ്റില്ലമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളില്‍ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കി വരുന്ന ബി ഫ്രെണ്ട്‌സ് സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വിസ്സിലെ കായിക പ്രേമികള്‍ക്കായി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സൂറിച്ചിലാണ് മത്സരങ്ങള്‍.

2022 ഏപ്രില്‍ 2ന് വെറ്റ്‌സിക്കോണ്‍ ഷട്ടില്‍ സോണ്‍ ഹാളില്‍ രാവിലെ 11.30ന് ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്ക് തുടക്കമാകും. സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളിലും, പതിനെട്ടു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രാമുഖ്യം നല്കി സിംഗിള്‍സ് മത്സരങ്ങളും, കൂടാതെ മെന്‍സ് ഡബിള്‍സ് ഫോര്‍ ലൈസന്‍സ് പ്ലെയേഴ്‌സ് മത്സരങ്ങളും നടത്തപ്പെടുന്നു. ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും വിവിധ കാറ്റഗറിയിലുള്ള മത്സരാര്‍ത്ഥികള്‍ ഉടന്‍തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റെജി പോള്‍ Tel. 078 727 43 88 അറിയിച്ചു.

മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ട്രോഫികള്‍ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങിനു ശേഷം ഇന്ത്യന്‍ വിഭവങ്ങളുടെ ബുഫെയും കായിക പ്രേമികള്‍ക്കും കാണികള്‍ക്കുമായി ഒരുക്കിയിട്ടുണ്ടെന്ന് കോഓര്‍ഡിനേറ്റര്‍മാരായ ജോസ് വാഴക്കാലായില്‍, സെബി പാലാട്ടി, മോനിച്ചന്‍ നല്ലൂര്‍, സഞ്ജു പൊന്നാനകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

സ്വിസ്സിലെ പ്രമുഖ കളിക്കാരും ടീമുകളും മാറ്റുരക്കുന്ന കായിക മാമാങ്കം സ്വിസ്സിലെ കായിക പ്രേമികള്‍ക്ക് വിസ്മയ വിരുന്നായിരിക്കുമെന്നും ഏവരെയും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതായും കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, സെക്രടറി ബേബി തടത്തില്‍, ട്രെഷറര്‍ സഞ്ജു പൊന്നാനകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

P.R.O ജിമ്മി കൊരട്ടികാട്ടുതറയില്‍