ബി ഫ്രണ്ട്സ് ഒരുക്കുന്ന വടംവലി മത്സരവും ചീട്ടുകളി മത്സരവും സെപ്തംബര്‍ 24നു സൂറിച്ചില്‍
വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടില്‍, ചങ്കായ കാണികളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നടുവില്‍ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോര്‍മുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസില്‍ബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തില്‍ കളിത്തട്ടില്‍ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം.
അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാന്‍ ഗ്രൂണിങ്ങനിലെ വിശാലമായ സിന്തറ്റിക് ട്രാക്കില്‍ കളമൊരുങ്ങുന്നു.
സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ ബി ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 24 നു രാവിലെ 11.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വടംവലിമാമാങ്കത്തില്‍ സ്വിറ്റസര്‍ലണ്ടിലെ വിവിധഭാഗങ്ങളില്‍ നിന്നായി പ്രമുഖരായ ടീമുകള്‍ പങ്കെടുക്കുന്നു.
ചീട്ടുകളി പ്രേമികള്‍ക്കായി 56 – 28,റമ്മി എന്നീ ഇനങ്ങളിലായി ചീട്ടുകളി മത്സരവും സഘടിപ്പിച്ചിരിക്കുന്നു ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികള്‍ക്കും, കാണികള്‍ക്കും ഒരേപോലെ ആവേശം പകരും എന്നതില്‍ സംശയമില്ല.സ്വിസ്സിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ മത്സരത്തില്‍ വിജയികളെ കാത്തിരിക്കുന്നതു ആകര്‍ഷകമായ സമ്മാനങ്ങള്‍.
കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആവേശമേറിയ തീപാറും പോരാട്ടങ്ങളുടെ ഈ കായികമാമാങ്കം നേരില്‍കണ്ട് ആസ്വദിക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. എത്തുന്ന എല്ലാവര്‍ക്കും പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്. അതോടൊപ്പം മിതമായ നിരക്കില്‍ സ്വാദേറിയ ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് സ്റ്റാളും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനുമായി കോര്‍ഡിനേറ്റേഴ്സ് ആയ ജോസ് പെല്ലിശേരിയെയോ, ജിമ്മി കൊരട്ടിക്കാട്ടുതറയിലിനെയോ ബന്ധപ്പെടുക.
ആകര്‍ഷകമായ ഈ ഉത്സവ് മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ സ്വിറ്റസര്‍ലണ്ടിലെ എല്ലാവരെയും ബി ഫ്രണ്ട്സ് എക്‌സികുട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും, സെക്രെട്ടറി ബോബ് തടത്തിലും സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട് – പി ര്‍ ഓ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍