കലാഭവന്‍ മണിയുടെ മരണം: അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്


ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകമെന്നോ, ആത്മഹത്യയെന്നോ സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്. ഇത്തരം ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ലെന്നു കാണിച്ചു അന്വേഷണം അവസാനിപ്പിക്കുന്നതായി ഉടന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

അന്വേഷണം അവസാനിപ്പിച്ചതുപോലെയായിരുന്നുവെങ്കിലും, ബന്ധുക്കളുടെ ആവശ്യമനുസരിച്ച് സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് കേസ് പൊലീസും അവസാനിപ്പിക്കുന്നത്. മരണത്തിന് കാരണം വിഷാംശം അകത്തുചെന്നതാണെന്ന് കണ്ടത്തെിയിരുന്നുവെന്നും തെളിവില്ലെന്ന വാദം ശരിയല്ലെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു. നീതിക്കായി കോടതിവഴി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ചാലക്കുടിയിലെ വീട്ടിലെ ഔട്ട്ഹൗസില്‍ അബോധാവസ്ഥയിലായി, ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മണി മരിച്ചത്. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതല്‍തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും അത് വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. സഹായികളായ പീറ്റര്‍, ജോബി, അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ച് മണിയുടെ സഹോദരന്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയരീതികള്‍ അവലംബിച്ചിട്ടും പരാതിയില്‍ ആരോപിക്കുംവിധം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.