ആത്മഹത്യാ ശ്രമത്തിനു കാരണം കെപിഎസി ലളിതയുടെ അധിക്ഷേപം എന്ന് രാമകൃഷ്ണന്‍

തന്റെ ആത്മഹത്യാ ശ്രമത്തിനു കാരണം ചലച്ചിത്ര താരം കെപിഎസി ലളിതയാണ് എന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. കേരള സംഗീത നാടക അക്കാദമിയില്‍ തന്റെ അവസരം നിഷേധിച്ചത് കെപിഎസി ലളിതയാണ് എന്ന് രാമകൃഷ്ണന്‍ ആരോപിക്കുന്നു.

തനിക്ക് ജോലിയില്ലാതെ സാഹചര്യത്തില്‍ ചിലങ്ക കെട്ടാനായി വളരെ പ്രതീക്ഷയോടെയാണ് സംഗീത അക്കാദമിയിലേക്ക് പോയതെന്നും അവിടെ നിന്നും വിവേചനപരമായ പെരുമാറ്റമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവേചനത്തിനെതിരെ അവസാന നിമിഷം വരെ ശക്തമായി തന്നെ പോരാടിയെങ്കിലും KPAC ലളിത തന്നെ നുണയനെന്ന് വിളിച്ചത് ഹൃദയം തകര്‍ത്ത് കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാമകൃഷ്ണന്‍ പറയുന്നു.

നൃത്തം ചെയ്യാന്‍ അവസരമില്ലെന്നും നൃത്തത്തെ കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കാമെന്നുമായിരുന്നു അക്കാദമിയുടെ മറുപടിയെന്നും ചിലങ്ക കെട്ടുന്ന തന്റെ കാലുകളെ കൂട്ടിക്കെട്ടിയ പോലെയായിരുന്നു ആ മറുപടിയെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കൂടാതെ, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കില്‍ തനിക്ക് ഈ കടുംകൈ ചെയ്യേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലിംഗപരമായും ജാതിപരമായും താന്‍ അക്കാദമിയില്‍ നിന്നും വിവേചനം നേരിട്ടു എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.