ആരും ആകാതിരിക്കാനുള്ള സ്വാതന്ത്ര്യം
ആന്റണി പുത്തന്‍പുരയ്ക്കല്‍
ആരും ആകാതിരിക്കാതെ അവനവനായി ജീവിക്കാനുളള സ്വാതന്ത്ര്യം വ്യക്തിയുടെ ജന്മാവകാശമാണ്. കാരണം, സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ഒരു ജീവിയും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. പക്ഷേ, സ്വാതന്ത്ര്യം എന്തായിരിക്കണമെന്നറിയാത്ത പാരതന്ത്ര്യത്തിലാണ് ഭൂരിപക്ഷം മനുഷ്യരും ജീവിക്കുക! എന്തായിരിക്കും നിരുപാധിക സ്വാതന്ത്ര്യമെന്ന് ഒരാള്‍ സ്വയം അറിയണം.
ഒരു ജന്മം മുഴുവന്‍ മറ്റൊരാളോ, മറ്റെന്തോ ആയിത്തീരാന്‍വേണ്ടി സ്വയം പരിശ്രമിക്കുകയോ, മറ്റുള്ളവരാല്‍ നിര്‍ബ്ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എക്കാലത്തും ഈ സാമൂഹ്യമായ സമ്മര്‍ദ്ദം വ്യക്തകള്‍ നേരിടുന്നു. ഒരു നല്ല മനുഷ്യന്‍, ഒരു നല്ല പൗരന്‍, ഒരു നല്ല ഭര്‍ത്താവ്, ഒരു നല്ല ഭാര്യ … ഇങ്ങനെ അനന്തമായി നീളുന്ന ഒരു പട്ടിക നമ്മുടെ മുന്‍പിലുണ്ട്. ഈ ‘നല്ല’തായിത്തീരാനുളള മാറ്റത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് മറ്റുള്ളവരാണ് – ബാഹ്യമായ സമ്മര്‍ദ്ദം. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് ഒത്തുയുരാന്‍ വേണ്ടി സ്വജീവിതം എഴുതിത്തള്ളുന്നവരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും. ഈ പരിശ്രമത്തിന്റെ അന്തിമഫലം എന്തായിരിക്കും? നാം ലക്ഷ്യം വെയ്ക്കുന്നത് എന്തോ, അവിടെ നാം എത്തിച്ചേരാറില്ല. നാം ആയിത്തീരാന്‍ ആഗ്രഹിക്കുന്ന ആളല്ല, മറിച്ചു മറ്റാരോ ആയിട്ടായിരിക്കും നമ്മുടെ പരിണാമം.
ഈ ഭൂമുഖത്തുള്ള മറ്റു ജീവികളെ നിരീക്ഷിച്ചാല്‍ അവ ഒരിക്കലും അവയുടെ തന്മയെ മാറ്റിയെഴുതി മറ്റൊന്നായിത്തീരാന്‍ ആഗ്രഹിക്കുന്നില്ല. അവയ്ക്ക് അഭിനയിക്കുവാനോ, പോയ്മുഖങ്ങള്‍ അണിയുവാനോ സാധിക്കില്ല. അവ ജീവിക്കുക മാത്രം ചെയ്യുന്നു.
വിവേകവും ബുദ്ധിയുമുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ പരമോന്നതമായ സ്വാതന്ത്ര്യം ആന്തരിക സ്വാതന്ത്ര്യമാണ്. ഈ സത്യം സ്വയം തിരിച്ചറിയാതെ കൗശലപൂര്‍വ്വമായ ഒരു മത്സരക്കളിയെ നമ്മുടെ വ്യക്തിത്വമായി നമ്മള്‍ കരുതുന്നു. ഈ മത്സരക്കളിയില്‍ പ്രതീക്ഷ, ഭയം, മാത്സര്യം, പരാജയഭീതി, അസൂയ, അടിമത്വം ആസക്തി എന്നിങ്ങനെയുള്ള അനേകം വികാരങ്ങളും അവ സൃഷ്ടിക്കുന്ന പതിനായിരക്കണക്കിന് ചിന്തകളും നമ്മുടെ മനസ്സിലും മസ്തിഷ്‌ക്കത്തിലും ദിനംപ്രതി അരങ്ങേറുന്നു.
ഒന്നിനോടും നിര്‍ബന്ധിത ബാദ്ധ്യതാബന്ധമില്ലാത്ത ഒരു സ്വാതന്ത്ര്യം നമുക്കു ചിന്തനീയമാണോ? തീര്‍ച്ചയായും സാധ്യമാണ്. നിശ്ചലമായിരുന്ന്, ഒരു നിശബ്ദ നിരീക്ഷകനെന്ന നിലയില്‍ നമുക്ക് മേഘങ്ങളെപ്പോലെ നീങ്ങാന്‍ കഴിയും. സ്ഥലകാലങ്ങള്‍ക്കതീതമായ നമ്മുടെ നൈസര്‍ഗ്ഗികമായ ഉണ്മയെ ആഴത്തില്‍ തിരിച്ചറിയാനും കഴിയും. ഇങ്ങനെ ചെയ്യാന്‍ നമുക്കു കഴിഞ്ഞാല്‍ ഇതു വ്യക്തിപരമായ ഒരു ഉണര്‍വ്വ് നമുക്ക് എപ്പോഴും അനുഭവപ്പെടും.
നമ്മുടെ സ്വാതന്ത്ര്യത്തിനുമേല്‍ നമ്മളും മറ്റുള്ളവരും സ്ഥാപിക്കുന്ന വ്യവസ്ഥകളെ തിരിച്ചറിയാന്‍ മാത്രം നമ്മുടെ ബോധത്തിന്റെ ആഴം അറിയാന്‍ നമുക്ക് കഴിയണം. ഇല്ലെങ്കില്‍, നാം ആത്മവഞ്ചനയുടെയും അത്യാസക്തമായ മിഥ്യാധാരണയുടെയും തടവറയില്‍ സ്വയം ബന്ധിതരാവും. എന്റെ വ്യക്തിത്വമായി ഞാന്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞ, മറ്റുള്ളവരുടെ അഭിപ്രായങ്ങളും ആശയസ്വാധീനങ്ങളും എന്റെ തന്നെ തടവറയാണ്.
ആരോ, അല്ലെങ്കില്‍ എന്തോ ആകാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ പാരതന്ത്ര്യം. ലോകം എത്ര പരിമിതികള്‍ ഉള്ളതാണെങ്കിലും ആന്തരിക സ്വാതന്ത്ര്യം അപരിമേയമാണ്. നമ്മുടെ സമൂഹം ഓരോ വ്യക്തിയുടെമേലും വ്യക്തിത്വമെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകള്‍ അടിമത്വമാണ്. മറഞ്ഞിരിക്കുന്ന ആശയങ്ങളുടെ ഈ വൈകാരിക പ്രതലം എന്നു ഞാന്‍ സ്വയം നശിപ്പിക്കുന്നുവോ, അന്ന് ഞാന്‍ സ്വതന്ത്രനാകും. അങ്ങനെ വ്യവസ്ഥാരഹിതമായ എന്റെ സ്വന്തം സ്വാതന്ത്ര്യം ഞാന്‍ സ്വയം കണ്ടെത്തും. ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തുകയും ഞാന്‍ എന്തായിരിക്കുന്നുവോ, സ്വയം അതുതന്നെ ആയിരിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ ഒരു വ്യക്തിത്വം എനിക്കാവശ്യമില്ല. ആരും ആകാതിരിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യബോധത്തെ ഞാന്‍ മാനിക്കുന്നു.



