ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു ; ജനങ്ങളോട് കറുത്ത അരയന്ന മാംസം കഴിക്കാന്‍ ഉത്തരവിട്ട് കിംഗ് ജോങ് ഉന്‍
കനത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഉത്തര കൊറിയയില്‍ ജനങ്ങളോട് കറുത്ത അരയന്നത്തിന്റെ മാംസം കഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മികച്ച ഭക്ഷണമെന്ന നിലയില്‍ കറുത്ത അരയന്ന മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം നിര്‍ദേശിക്കുന്നത്. ‘കറുത്ത അരയന്നത്തിന്റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്,’ റോഡോങ് സിന്‍മുന്‍ പത്രം പറയുന്നു. കറുത്ത തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ് ബ്ലാക്ക് സ്വാന്‍ അഥവ കറുത്ത അരയന്നം എന്നറിയപ്പെടുന്നത്. ആസ്‌ട്രേലിയയുടെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് ഈ പക്ഷികള്‍ പ്രധാനമായും കാണപ്പെടുന്നത്. ഉത്തരകൊറിയയിലും ഇവ സഹജമാണ്.
2025 വരെ ജനങ്ങള്‍ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. അവശേഷിക്കുന്ന ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനുമാണ് നിര്‍ദേശം. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യാതിര്‍ത്തികള്‍ അടച്ചതാണ് ഉത്തരകൊറിയ ഇപ്പോള്‍ നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ പ്രധാന കാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി അവര്‍ ആശ്രയിച്ചുവന്നിരുന്നത് ചൈനയെയായിരുന്നു. മഹാമാരിക്ക് മുമ്പ് 40 ശതമാനം ഉത്തരകൊറിയക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരുന്നെന്നും കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചെന്നും ഈ മാസം ആദ്യം പുറത്തുവന്ന യു.എന്‍ ഇന്‍വെസ്റ്റിഗേറ്ററുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, യു.എന്‍ റിപ്പോര്‍ട്ട് ഉത്തരകൊറിയ നിഷേധിക്കുകയാണുണ്ടായത്. സ്വേച്ഛാധിപത്യ ഭരണം നടക്കുന്ന രാജ്യത്തു ജനങ്ങളുടെ വിശപ്പിനേക്കാള്‍ ആയുധങ്ങള്‍ കൂട്ടി വെക്കുവാന്‍ ആണ് സര്‍ക്കാര്‍ ശ്രമം.