ബിടിഎസ്’ പൊളിയുമോ ; കൊറിയയില്‍ ‘വന്‍ രാഷ്ട്രീയ വിവാദം’
യുവാക്കള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഹരമാണ് കൊറിയന്‍ മ്യുസിക്ക് ബാന്‍ഡ് ആയ ബി ടി എസ്. ലോകമെമ്പാടുമായി കോടിക്കണക്കിനു ആരാധകര്‍ ഉള്ള ഇവരുടെ ഭാവി ഇപ്പോള്‍ വലിയ പ്രശ്‌നത്തിലാണ് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഗ്രാമി അവാര്‍ഡ് വരെ നേടിയ ഈ സംഘത്തിന് മുന്നില്‍ ഡിസംബറോടെ ഒരു പ്രതിസന്ധി വന്നിരിക്കുകയാണ്. പുരുഷന്മാര്‍ 18-28 വയസ്സിനിടയില്‍ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഇതാണ് ഇവര്‍ക്ക് പാരയാകാന്‍ പോകുന്നതും. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് (BTS) എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍. ഇതില്‍ ജിന്‍ വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്. ഡിസംബര്‍ 4നാണ് ഇത്. അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും.
ഇപ്പോഴും യുദ്ധവിരാമം പ്രഖ്യാപിക്കാത്ത ഉത്തരകൊറിയയുമായുള്ള ‘യുദ്ധത്തിലാണ്’ സാങ്കേതികമായി ദക്ഷിണ കൊറിയ. അതിനാല്‍ തന്നെ രാജ്യത്തെ പുരുഷന്മാര്‍ ഇത് പാലിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. കൊറിയയുടെ പേര് അന്താരാഷ്ട്ര വേദികളില്‍ ഒളിംപിക്‌സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങള്‍, ശാസ്ത്രീയസംഗീതജ്ഞര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്.
എന്നാല്‍ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇളവില്ല, സിനിമ, പോപ്പ് സംഗീതമൊക്കെ അതില്‍ വരും. അടുത്തകാലത്തായി കൊറിയന്‍ സിനിമയ്ക്കും, സംഗീതത്തിനും ആഗോളതലത്തില്‍ ലഭിക്കുന്ന വന്‍ പ്രചാരത്തെ ഒരു സംസ്‌കാരിക തരംഗമായാണ് കൊറിയക്കാര്‍ പറയുന്നത്. അത് അവര്‍ ഹാല്ല്യു എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഹാല്ല്യുവിന്റെ മുന്‍നിരക്കാര്‍ക്ക് ഒന്നും സൈനിക സേവനത്തില്‍ ഇളവില്ല. ഇത് വേണോ എന്നത് ഒരു തര്‍ക്കമായി നിലനില്‍ക്കുന്നുണ്ട്.
അതേ സമയം മുന്‍പ് സൂചിപ്പിച്ചത് പോലെ 18-28 വയസ്സിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. അതിനാല്‍ തന്നെ ബിടിഎസ് സംഘത്തില്‍ ഇതില്‍ ഇതിനകം ചെറിയ ഇളവ് കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 30 വയസ്സിനു മുന്‍പ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താല്‍ മതി എന്നതായിരുന്നു ഇളവ്. ഇത് ഇനി പാലിക്കേണ്ടി വരും. എന്ത് കൊണ്ട് ബിടിഎസ് ആരാധകര്‍ക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കുന്നു എന്നാണ് ചോദ്യം എങ്കില്‍ ചരിത്രം തന്നെയാണ് കാരണം. മുന്‍പ് സൈനിക സേവനത്തിനായി അംഗങ്ങള്‍ പോയിട്ടുള്ള പല കെപോപ് ബാന്‍ഡുകളും പിന്നീട് പിരിയുന്ന കാഴ്ചയാണ് കൊറിയന്‍ പോപ്പ് ആരാധകര്‍ കണ്ടത്. ബിടിഎസിന് മുന്‍പ് കൊറിയയില്‍ തരംഗമായ ഇന്‍ഫിനിറ്റ് എന്ന ബാന്റിലും ഏഴുപേരാണ് ഉണ്ടായിരുന്നത്. 2010 ല്‍ രൂപീകരിച്ചതാണ് ഈ ബാന്റ്. ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരായി സൈനിക സേവനത്തിന് പോകാന്‍ തുടങ്ങിയതോടെ 2019ഓടുകൂടി ഇന്‍ഫിനിറ്റ് പിരിഞ്ഞുവെന്ന് പറയാം.
ദക്ഷിണകൊറിയയുടെ ദേശീയ ബോയ് ബാന്‍ഡ് എന്ന് അറിയപ്പെട്ടവരാണ് ബിഗ്ബാങ്. 2009-2016 കാലഘട്ടത്തില്‍ കൊറിയയിലെ ഏറ്റവും മൂല്യമുള്ള സെലബ്രൈറ്റികളായിരുന്നു ഈ ബാന്റ് എന്നാല്‍ പിന്നീട് അംഗങ്ങള്‍ സൈനിക സേവനത്തിന് പോയതും, മറ്റ് പ്രശ്‌നങ്ങളും ഈ ബാന്റിന്റെ പ്രകടനത്തെ ബാധിച്ചു. ഇവര്‍ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും വാര്‍ത്തയുണ്ട്. ഇത്തരം ഒരു അനുഭവം ബിടിഎസിന് സംഭവിക്കുമോ എന്നതാണ് ലോകത്തെമ്പാടുമുള്ള ആരാധകരെ ആശങ്കയിലാക്കുന്നത്. പ്രത്യേകിച്ച് ജൂണ്‍ 10ന് പുറത്തിറങ്ങുന്ന ബിടിഎസിന്റെ പുതിയ ആന്തോളജി ആല്‍ബം ‘പ്രൂഫ്’ ഇറങ്ങുകയാണ്. ഇപ്പോഴത്തെ മ്യൂസിക്ക് വിപണി വൃത്തങ്ങളുടെ സൂചനകള്‍ പ്രകാരം, എല്ലാ റെക്കോഡുകളും ഈ അല്‍ബം തകര്‍ത്തേക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ ഡിസംബര്‍ എത്തുന്നതോടെ ‘പ്രൂഫ്’ ബിടിഎസിന്റെ അവസാന ആല്‍ബമാകുമോ എന്ന ആശങ്കയും വ്യാപകമാണ്.
എന്നാല്‍ ബിടിഎസ് അംഗങ്ങളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കണം എന്നാണ് ഉയരുന്ന ആവശ്യം. ജിന്‍ സൈനിക സേവനത്തിന് പോകുന്നുവെങ്കില്‍ തീര്‍ച്ചയായും ബിടിഎസിലെ ബാക്കി ആറുപേരും അവരുടെ സമയത്ത് അത് പിന്തുടരേണ്ടി വരും. ഇത് ആത്യന്തികമായി ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ഒരു സംഗീത ‘വിപ്ലവ’ സംഘത്തിന്റെ അവസാനമാകും. അതിനാല്‍ പൂര്‍ണ്ണമായും സൈനിക സേവനത്തില്‍ നിന്നും ഇളവാണ് ബിടിഎസ് പ്രതീക്ഷിക്കുന്നത്. കൊറിയന്‍ സാംസ്‌കാരിക മന്ത്രി ഹ്വാങ് ഹീ ഇത് നല്‍കും എന്ന സൂചന നല്‍കിയതാണ് ഇപ്പോള്‍ ഒരു പ്രതീക്ഷയായി നിലനില്‍ക്കുന്നത്.