സമാധാനത്തിനുള്ള നൊബേല്‍ യുവാന്‍ മാനുവല്‍ സാന്റോസിന്

santos
കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം. രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അരനൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് കൊളംബിയന്‍ സര്‍ക്കാരും വിമത സംഘടനയായ കൊളംബിയന്‍ റെവല്യൂഷണറി ആംഡ് ഫോഴ്സസും (ഫാര്‍ക്) തമ്മില്‍ അടുത്തിടെ സമാധാന ഉടമ്പടിയിലെത്തിയിരുന്നു. നാല് വര്‍ഷത്തെ സന്ധി സംഭാഷണങ്ങള്‍ക്കു ശേഷമാണ് ഉടമ്പടിയുണ്ടാക്കിയത്. ഇതിനു മുന്‍കൈയെടുത്തത് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസായിരുന്നു. സമാധാനക്കരാര്‍ ഉണ്ടാക്കുന്നതില്‍ ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ കഴിഞ്ഞദിവസം ഫാര്‍കുമായി സര്‍ക്കാറുണ്ടാക്കിയ സമാധാനക്കരാര്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടു.

1964 ല്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഭ്യന്തര ലഹളയായിരുന്നു. 2,60,000 ജനങ്ങള്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ 68,00,000 പേര്‍ അഭയാര്‍ഥികളായി. 45,000 പേരെ കാണാതായി. ഇതിനുമുമ്പ് നടന്ന മൂന്ന് സമാധാന ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. യുവാന്‍ മാനുവല്‍ സാന്റോസ് പ്രതിരോധ മന്ത്രിയായിരുന്ന 2006-09 കാലഘട്ടത്തില്‍ സൈന്യം നേടിയ മേല്‍ക്കൈയാണ് ഫാര്‍കിനെ സമാധാന ചര്‍ച്ചകള്‍ക്കു പ്രേരിപ്പിച്ചത്.