ഞങ്ങളുടെ കൊടി നിങ്ങള്‍ മോഷ്ടിച്ചു: കമ്യുണിസ്റ്റുകാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ

pope-francis
വത്തിക്കാന്‍ സിറ്റി: ക്യാപ്പിറ്റലിസത്തെ അതിശക്തമായി വിമര്‍ശിക്കുന്നുവെന്നതിന്റെ പേരില്‍ കമ്യുണിസ്റ്റുകാരനെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും മാര്‍ക്‌സിസത്തെ അനുകൂലിച്ച് നിലപാട് സ്വീകരിക്കുന്നു. ക്രൈസ്തവരുടെ കൊടി കമ്യുണിസ്റ്റുകാര്‍ മോഷ്ടിച്ചുവെന്നാണ് റോമിലെ പ്രാദേശിക പത്രമായ മെസഞ്ചറോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ക്യാപ്പിറ്റിലിസത്തെ എതിര്‍ക്കുന്ന അങ്ങ് ലെനിനിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോയെന്ന ചോദ്യത്തോടു പ്രതികരിക്കവേയാണ് പിതാവ് ഇടതുപക്ഷത്തെ നെഞ്ചോടുചേര്‍ത്ത് സംസാരിച്ചത്.

പാവങ്ങളുടെ പതാകവാഹകരാണ് ക്രിസ്ത്യാനികള്‍. ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്നും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മാര്‍പാപ്പ പറഞ്ഞു. ആ കൊടിയാണ് കമ്യുണിസ്റ്റുകാര്‍ മോഷ്ടിച്ചത്. ഇരുപത് നൂറ്റാണ്ടുകള്‍ക്കുശേഷം കമ്യൂണിസ്റ്റുകാര്‍ ഇത് കമ്യൂണിസമാണെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനക്കാരനായ മാര്‍പാപ്പ പദവിയേറ്റതിനുശേഷം പാവപ്പെട്ടവരെ അവഗണിക്കുന്ന ലോക സാമ്പത്തികക്രമത്തിനെതിരെ കടുത്തവിമര്‍ശമുയര്‍ത്തിവരികയാണ്.