ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി അന്തിമമാണ്.പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. നിയമനം നടത്താത്തതിനെ കുറിച്ച് പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കോടതി വിധി വന്നാല്‍ നാളെ നടപ്പിലാക്കാന്‍ കഴിയില്ല. അങ്ങനെ തന്നെ വേണമെന്നുള്ളവര്‍ക്കാണ് പ്രശ്‌നങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പുനര്‍നിയമനം നടപ്പിലാക്കാന്‍ വൈകിപ്പിക്കുന്ന സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 24ന് ഈ ഉത്തരവ് വന്നിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്. അതുവരെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം.