പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിയണിഞ്ഞ് പ്രതിയുടെ സെല്‍ഫി; പാര്‍ടി പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം
അറസ്റ്റിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. പോരാത്തതിന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് ചിത്രം പ്രചരിപ്പിച്ച സി.പി.എം. പ്രവര്‍ത്തകനെ പാര്‍ടി സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറേറിയറ്റ് ചേര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
ഈ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബി.ജെ.പി. ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു.
വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തിങ്കളാഴ്ച പിടിയിലായപ്പോള്‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.









