ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ഗൗരവപരമായി കാണണം; ഉത്തരവാദിയാകുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്ന് സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ നിരന്തര മിസൈല്‍ പരീക്ഷണങ്ങളെ ഗൗരവമായി കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തരകൊറിയയുടെ അണുപരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താനാണെന്നും സുഷമസ്വരാജ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്, ജപ്പാന്‍, ഇന്ത്യ ത്രികക്ഷി യോഗത്തിലാണ് സുഷമസ്വരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ ലോക രാജ്യങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. മാത്രമല്ല ഇതിന് ഉത്തരവാദിയാകുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ട്രില്ലേഴ്സണ്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കൊനോ എന്നിവരാണ് സുഷമ സ്വരാജിനൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നത്.

നാവിക ഗതാഗത സ്വാതന്ത്രം, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുക, രാജ്യസുരക്ഷയ്ക്കായി ഒന്നിക്കുക എന്നീ കാര്യങ്ങളില്‍ ഊന്നിയുള്ളതായിരുന്നു ചര്‍ച്ചയെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഉത്തരകൊറിയയുടെ ധിക്കാരപരമായ ന്യൂക്ലിയര്‍ പരീക്ഷണത്തെ യു.എന്‍ സഭയില്‍ ഒരുമിച്ച് എതിര്‍ക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ സുഷമ സ്വരാജ് ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. സെപ്തംബര്‍ 23-ന് ആണ് സുഷമസ്വരാജ് യു.എന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.